കണ്ണൂർ- ബാങ്ക് ബാലന്‍സായി ആകെയുള്ള 2,00850 രൂപയില്‍ നിന്ന് 850 രൂപ മാത്രം ബാക്കിവെച്ച് രണ്ട് ലക്ഷം രൂപ കോവിഡ് വാക്സിന്‍ വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കണ്ണൂർ സ്വദേശിയെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥനായ സി.പി സൗന്ദര്‍ രാജ്.
ബീഡിത്തൊഴിലാളിയായി വിരമിച്ചയാളാണ് ആകെയുള്ള സമ്പാദ്യത്തിലെ സിംഹഭാഗവും കോവിഡ് വാക്‌സിന് വേണ്ടി സംഭാവന നല്‍കിയത്. തന്റെ പേര് വെളിപ്പെടുത്തരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടതായി സൗന്ദര്‍രാജ് പറയുന്നു.
ബാങ്കില്‍ രണ്ട് ലക്ഷം രൂപ ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചു. ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളമെന്ന് ഇദ്ദേഹം പറഞ്ഞതായും സൗന്ദര്‍ രാജന്‍ എഴുതുന്നു.