തൃശൂര്‍- തൃശൂര്‍ പൂരത്തിന്റെ ഭാഗമായ എഴുന്നള്ളിപ്പിനിടെ ആല്‍ക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു.
പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവമ്പാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കി.
വെടിക്കെട്ട് നടത്തേണ്ടതില്ലെന്ന് ഇരുവിഭാഗങ്ങളും ചര്‍ച്ചയില്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കിയത്.
പകല്‍പ്പൂരം ചടങ്ങ് മാത്രമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേളം നിശ്ചയിച്ചിരുന്നു. അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ മേളം വേണ്ടെന്നുവെച്ചു. 15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ മാത്രം നടത്താനാണ് പാറമേക്കാവ് വിഭാഗത്തിന്റെയും തീരുമാനം.
വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ആല്‍മരത്തിന്റെ കൊമ്പ് പൊട്ടി വീണ് രണ്ടു പേര്‍ മരിച്ചത്. മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കുന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്. പഞ്ചവാദ്യം തുടങ്ങിയ ഉടന്‍ തൊട്ടടുത്ത തൃപ്പാക്കല്‍ ക്ഷേത്രവളപ്പിലെ ആലിന്റെ വലിയ കൊമ്പ് പൊട്ടിവീഴുകയായിരുന്നു. തിരുവമ്പാടി ആഘോഷക്കമ്മിറ്റി അംഗം എരവിമംഗലം ഇരിക്കാലില്‍ ഹൗസില്‍ രമേഷ് (56), പൂങ്കുന്നം പണിയത്തുവീട്ടില്‍ രാധാകൃഷ്ണന്‍ (65) എന്നിവരാണ് മരിച്ചത്. വാദ്യക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് പരിക്കേറ്റിരുന്നു. പലരും കൊമ്പിനടിയില്‍ പെട്ടു. ഏറെ സമയമെടുത്താണ് പലരെയും പുറത്തെടുത്തത്. വൈദ്യുതി പോസ്റ്റും മറിഞ്ഞു വീണിരുന്നെങ്കിലും കമ്പി ആളുകള്‍ക്ക് തട്ടാത്തത് വലിയ ദുരന്തം ഒഴിവാക്കി.
എഴുന്നള്ളിപ്പിനെത്തിയ നൂറോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു. പലരും ഒഴിഞ്ഞുമാറിയെങ്കിലും വാദ്യക്കാര്‍ ആല്‍ക്കൊമ്പിനടയില്‍ പെടുകയായിരുന്നു.