- അടിയന്തരമായി നാട്ടിൽ പോയവർക്ക് തിരിച്ചടിയാകും
അബുദാബി- ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ യു.എ.ഇയുടെ നടപടിയിൽ ആശങ്കയോടെ പ്രവാസികൾ. ഇന്ന് അർധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരികയാണ്.
ഒമാൻ സുപ്രീം കമ്മിറ്റിയും ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടിൽനിന്ന് യു.എ.ഇയിൽ എത്താനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസികളാണ് കൂടുതൽ വലഞ്ഞത്. വിലക്ക് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് യു.എ.ഇയിൽ എത്താൻ ശ്രമിച്ചവർക്ക് വിമാന ടിക്കറ്റ് കിട്ടാത്തതും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിക്കാത്തതും പ്രയാസമായി. ഇന്നലെ അർധരാത്രിക്ക് മുമ്പ് ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് വിമാനം കയറാൻ ഉദ്ദേശിച്ച പലർക്കും പി.സി.ആർ ടെസ്റ്റ് ഫലം ലഭിക്കാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
ഇന്ന് മുതൽ പത്ത് ദിവസത്തേക്കാണ് യു.എ.ഇയിലേക്ക് ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യം വീണ്ടും മോശമാവുകയാണെങ്കിൽ വിലക്ക് നീട്ടും. അടിയന്തര ആവശ്യങ്ങൾക്ക് ഏതാനും ദിവസം നാട്ടിലെത്തിയവരാണ് അപ്രതീക്ഷിത വിലക്കിൽ വലഞ്ഞത്. യു.എ.ഇ നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും വ്യോമയാന വകുപ്പുമാണ് വിലക്ക് തീരുമാനിച്ചത്. ഇന്ത്യയിൽ നിയന്ത്രണാതീതമായി കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ വിലക്കിയത്. കുറഞ്ഞ ദിവസത്തെ അവധിക്ക് നാട്ടിലെത്തിയവരും പെരുന്നാൾ കഴിഞ്ഞ് മടങ്ങാനിരിക്കുന്നവരും ഇതോടെ കുടുങ്ങി.
പത്ത് ദിവസത്തേക്കുള്ള താൽക്കാലിക വിലക്കാണ് അറിയിപ്പിൽ പറയുന്നതെങ്കിലും ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ വിലക്ക് നീട്ടാനാണ് സാധ്യത. വിമാന സർവീസ് നിർത്താൻ സാധ്യതയുണ്ടെന്ന സൂചന കിട്ടിയതിനാൽ പലരും പെരുന്നാളിന് കാത്തിരിക്കാതെ യു.എ.ഇയിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുത്തതോടെ ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയുമുണ്ടായി. വൺവേ ടിക്കറ്റിന് മാത്രം ആയിരത്തിലധികം ദിർഹമാണ് പല കമ്പനികളും ഈടാക്കുന്നത്. അതേസമയം സൗദിയിലേക്കും കുവൈത്തിലേക്കും പോയിരുന്ന മാതൃകയിൽ നേപ്പാൾ വഴി യു.എ.ഇയിൽ എത്താൻ അത്യാവശ്യമുള്ള പ്രവാസികൾ ശ്രമിക്കുന്നുണ്ട്. 14 ദിവസത്തിനകം ഇന്ത്യ സന്ദർശിച്ചവരെയും വിലക്കിയിട്ടുണ്ട്. ഇതുകാരണം യു.എ.ഇ സ്വദേശികളും ധാരാളമായി ഇന്ത്യയിൽ കുടുങ്ങിയിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരെയും ഗോൾഡൻ വിസയുള്ളവരെയും വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.എ.ഇക്ക് പുറമെ സൗദി, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.