കണ്ണൂർ - വോട്ടെണ്ണലിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ആശങ്കയോടെ ഇരു മുന്നണികളും. തുടർ ഭരണം ലക്ഷ്യമിടുന്ന എൽ.ഡി.എഫിനും, ഭരണം പിടിക്കാനൊരുങ്ങുന്ന യു.ഡി.എഫിനും കണ്ണൂർ ജില്ലയിലെ ഓരോ സീറ്റും നിർണായകമാണ്. പതിനൊന്ന് നിയമസഭാ സീറ്റുകളിൽ ഒമ്പതെണ്ണം നേടുമെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. എന്നാൽ നാല് സീറ്റ് ഉറപ്പാണെന്നും, അത് ആറു വരെ പോകാമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. കരുത്തരെ രംഗത്തിറക്കിയിട്ടുണ്ടെങ്കിലും,പതിവുപോലെ ബി.ജെ.പി, ജില്ലയിൽ പ്രതീക്ഷകൾ ഒന്നും പുലർത്തുന്നില്ല.
2016 ലെ തെരഞ്ഞെടുപ്പിൽ, ചുവപ്പിന്റെ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരിൽ ഇടതു മുന്നണി 8 സീറ്റുകളാണ് കൈയ്യിലൊതുക്കിയത്. പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, കണ്ണൂർ, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ എന്നീ സീറ്റുകൾ ഇടതുമുന്നണി നേടിയപ്പോൾ, അഴീക്കോട്, ഇരിക്കൂർ, പേരാവൂർ സീറ്റുകൾ കൊണ്ട് യു.ഡി.എഫിന് തൃപ്തിപ്പെടേണ്ടി വന്നു. 2011 ൽ നേടിയ കൂത്തുപറമ്പും കണ്ണൂരുമാണ് 2016ൽ കൈവിട്ടു പോയത്. ഇത്തവണ 2016ൽ നേടിയതിന് പുറമെ, അഴീക്കോട് കൂടി പിടിക്കുമെന്നും, പേരാവൂർ കൂടി ലഭിച്ചാൽ അത്ഭുതപ്പെടാനില്ലെന്നുമാണ് ഇടതു വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ കഴിഞ്ഞ തവണ നേടിയ ഇരിക്കൂർ, പേരാവൂർ, അഴീക്കോട് സീറ്റുകൾക്ക് പുറമെ, കണ്ണൂർ ഉറപ്പായി നേടുമെന്നും കൂത്തുപറമ്പിൽ വിജയപ്രതീക്ഷയുണ്ടെന്നും യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നു. തലശ്ശേരിയിൽ സ്ഥിതി പ്രവചനാതീതമാണെന്നാണ് വിലയിരുത്തൽ.
അതേ സമയം, ഇരുമുന്നണികളുടെയും അവകാശവാദങ്ങൾ നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി പൂർണമായി പൊരുത്തപ്പെടുന്നതല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപന നാളിൽ തുടർ ഭരണം ഉറപ്പെന്ന നിലയിലായിരുന്നു സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ. നേരത്തെ തന്നെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണ രംഗത്തിറങ്ങാൻ കഴിഞ്ഞത് ഇടതു മുന്നണിക്ക് മേൽക്കൈ നേടിക്കൊടുത്തുവെങ്കിലും തുടർന്നു വന്ന വിവാദങ്ങൾ പലതും തിരിച്ചടിയായി. എങ്കിലും കണ്ണൂർ ജില്ലയിൽ ഇടതു മുന്നണിയുടെ ആധിപത്യത്തിന് വലിയ തിരിച്ചടി നേരിടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ധർമ്മടം, മട്ടന്നൂർ മണ്ഡലങ്ങളുടെ വിജയ സാധ്യതയിൽ യാതൊരു സംശയവുമില്ല. എന്നാൽ കണ്ണൂർ, കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങൾ കടുത്ത പോരാട്ടത്തിന്റെ ഫലം കാത്തിരിക്കയാണ്. ഇതിൽ തലശ്ശേരി മണ്ഡലത്തിന്റെ ഫലമാണ് ഏറെ നിർണായകം. അവിടെ ബി.ജെ.പിയുടെ ഇരുപത്തി അയ്യായിരത്തോളം വോട്ടുകൾ ആർക്കു ലഭിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച മണ്ഡലത്തിൽ അവർക്ക് ഇത്തവണ സ്ഥാനാർഥിയില്ല. സി.പി.എം വിമത സ്ഥാനാർഥി സി.ഒ.ടി നസീറിന് പിൻതുണ വാഗ്ദാനം നൽകിയെങ്കിലും അദ്ദേഹമത് നിരസിച്ചു. ഈ സാഹചര്യത്തിൽ വിജയം തന്നെ നിർണയിക്കാവുന്ന വോട്ടുകൾ ആർക്ക് ലഭിക്കുമെന്നതാണ് നിർണായകം. പത്തായിരത്തോളം വോട്ടുകൾക്ക് ഷംസീർ വിജയിക്കുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ വിജയിച്ച കൂത്തുപറമ്പിലും വിജയം എളുപ്പമല്ല. ശൈലജ ടീച്ചർക്കെതിരെ കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച കെ.പി.മോഹനനാണ് ഇത്തവണ ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി. മുസ്ലിം ലീഗിന് യു.ഡി.എഫ് വിട്ടു നൽകിയ സീറ്റിൽ പ്രവാസി വ്യവസായിയും മണ്ഡലത്തിന് സുപരിചിതനുമായ പൊട്ടങ്കണ്ടി അബ്ദുല്ലയാണ് എതിർ സ്ഥാനാർഥി. പാളയത്തിലെ പടയും, സ്ഥാനാർഥിയുടെ പാർട്ടി മാറലും മണ്ഡലത്തിൽ വിപരീത തരംഗം ഉണ്ടാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, പഴയ പെരിങ്ങത്തൂർ മണ്ഡലമാണ് യഥാർഥത്തിൽ ഇപ്പോഴത്തെ കൂത്തുപറമ്പ് മണ്ഡലം. മുസ്ലിം ലീഗിന്റെ സ്വാധീനവും, യൂത്ത് ലീഗിന്റെ ചിട്ടയായ പ്രവർത്തനങ്ങളും പൊട്ടങ്കണ്ടിക്ക് അനുകൂലമാണ്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കുന്ന കണ്ണൂർ മണ്ഡലം ഇത്തവണ അദ്ദേഹത്തെ കൈവിടുമെന്ന് ഉറപ്പാണ്. സി.പി.എം കോട്ടയിലെ കോൺഗ്രസ് ശക്തികേന്ദ്രമാണ് കണ്ണൂർ മണ്ഡലം. കഴിഞ്ഞ തവണ കോൺഗ്രസിനകത്തെ പടലപ്പിണക്കങ്ങളും ലീഗുമായുള്ള പ്രശ്നങ്ങളും സിറ്റിംഗ് സ്ഥാനാർഥിയെ മാറ്റിയതുമാണ് തിരിച്ചടിയായത്. ഇത്തവണ എല്ലാ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിന് മുമ്പു പരിഹരിച്ചു. പല തവണകളിലായി തെരഞ്ഞെടുപ്പു പരാജയം ഏറ്റുവാങ്ങുന്ന സതീശൻ പാച്ചേനിക്ക് ആദ്യ വിജയം കണ്ണൂർ സമ്മാനിക്കുമെന്നാണ് സൂചന. കെ.എം.ഷാജി രണ്ട് തവണ ശക്തമായ പോരാട്ടത്തിലൂടെ പിടിച്ചെടുത്ത അഴീക്കോട്, ഇത്തവണ യു.ഡി.എഫിന് എളുപ്പമല്ല. കേരളത്തിൽ ഏറ്റവും കടുത്ത പോരാട്ടം നടന്ന അഴീക്കോട് പ്രവചനം സാധ്യമ വില്ല. ഹാട്രിക് വിജയം ലക്ഷ്യമാക്കി ഇറങ്ങിയ കെ.എം.ഷാജിയെ തളക്കാൻ, സി.പി.എം രംഗത്തിറക്കിയത് കരുത്തനും അതേ സമയം സൗമ്യനുമായ കെ.വി. സുമേഷിനെയാണ്. സുമേഷ് നേടുന്ന വ്യക്തിഗത വോട്ടുകളാവും നിർണായകം. കേസുകളും ആരോപണങ്ങളും മൂലം ഷാജിയുടെ പ്രതിഛായക്ക് മങ്ങലേറ്റിരിക്കുകയുമാണ്. അഴീക്കോട് കെ.വി.സുമേഷിന് തന്നെയാണ് മുൻതൂക്കം. പേരാവൂരിൽ അഡ്വ.സണ്ണി ജോസഫിന് ശക്തമായ വെല്ലുവിളി സി.പി.എമ്മിലെ സക്കീർ ഹുസൈൻ ഉയർത്തിയിട്ടുണ്ട്. ഇത് വോട്ടിംഗിൽ എത്രത്തോളം പ്രതിഫലിക്കുമെന്നതാണ് പ്രധാനം.
ബി.ജെ.പിയെ സംബന്ധിച്ച്, തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലാണ് നിർണായക സ്വാധീനമുള്ളത്. കൂത്തുപറമ്പിൽ കഴിഞ്ഞ തവണ 23000 ത്തോളം വോട്ടുപിടിച്ച സദാനന്ദൻ മാസ്റ്റർ തന്നെയാണ് ഇത്തവണയും സ്ഥാനാർഥി. അവിടെ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് വിലയിരുത്തൽ.