ജിദ്ദ- സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിനു മുകളില്‍ തുടരുമ്പോള്‍ അഭ്യര്‍ഥന ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ.
ഹൃദയത്തില്‍ തൊട്ടുള്ള അഭ്യര്‍ഥനയാണിതെന്നും രാജ്യത്ത് താമസിക്കുന്ന എല്ലാവരും എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോകത്തെമ്പാടും 950 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും ഉയര്‍ന്ന തോതിലുള്ള സുരക്ഷയും ഫലപ്രാപ്തിയുമാണ് വാക്‌സിന്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ നിങ്ങളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി കുത്തിവെപ്പ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കണം.
കോവിഡ് ബാധിച്ച് 30 ലക്ഷം പേരാണ് ലോകത്ത് മരിച്ചതെന്നും 100 ദശലത്തിലേറെ ആളുകള്‍ രോഗം ബാധിച്ച് ബുദ്ധമുട്ടുകയാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
അതിനിടെ, റമദാന്‍ തുടങ്ങുന്നതിനുമുമ്പ് ഒരുക്കത്തിനെന്ന പേരില്‍ ജനങ്ങള്‍ ആരോഗ്യ മുന്‍കരുതലുകളില്‍ കാണിച്ച വീഴ്ചയാണ് രോഗബാധ വര്‍ധിക്കാന്‍ കാരണമെന്ന് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിലെ അനസ്‌ത്യേഷ്യോളജി പ്രൊഫസര്‍ നാസര്‍ തൗഫീക് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഓരോ ആഴ്ചയും കേസുകള്‍ കൂടി വരികയാണെന്ന് അല്‍ഇഖ്ബാരിയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കേസുകള്‍ 1500 കടക്കുകയാണെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.