* മയക്കുമരുന്ന് കടത്ത് വിലക്കിന് കാരണം
റിയാദ് - ലെബനോനില്‍നിന്ന് സൗദിയിലേക്ക് പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്യുന്നതും ലെബനോനില്‍നിന്നുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും സൗദിയിലൂടെ മറ്റു രാജ്യങ്ങളിലേക്ക് ട്രാന്‍സിറ്റ് ആയി കൊണ്ടുപോകുന്നതും വിലക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ രാവിലെ ഒമ്പതു മുതല്‍ വിലക്ക് നിലവില്‍വരും.
സൗദി അറേബ്യക്കെതിരായ ആസൂത്രിതമായ കള്ളക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നതിന് മതിയായതും വിശ്വസനീയവുമായ ഉറപ്പ് ലെബനോനിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്നതു വരെയാണ് ലെബനോനില്‍ നിന്ന് പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയിരിക്കുന്നത്.
മയക്കുമരുന്ന് കടത്ത് പോരാട്ടവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകള്‍ക്കും ആഭ്യന്തര നിയമങ്ങള്‍ക്കും അനുസൃതമായി സൗദി അറേബ്യയുടെ ബാധ്യതയുടെ വെളിച്ചത്തിലാണ് വിലക്ക് തീരുമാനം കൈക്കൊണ്ടത്. ലെബനോനില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരും ലബനോനിലൂടെ മയക്കുമരുന്ന് കടത്തുന്നവരും സൗദി അറേബ്യയെ ലക്ഷ്യമിടുന്നതും സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് ലെബനീസ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും വര്‍ധിച്ചതായി സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചരക്ക് ലോഡുകളും അയല്‍ രാജ്യങ്ങളിലേക്ക് സൗദിയിലൂടെ കൊണ്ടുപോകുന്ന ചരക്ക് ലോഡുകളും വഴിയാണ് ലെബനോനില്‍ നിന്ന് സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നത്. മയക്കുമരുന്ന് കടത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്നത് പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ്.
ലെബനോനിലെ ബന്ധപ്പെട്ട വകുപ്പുകളെ പലതവണ ഉണര്‍ത്തിയിട്ടും സൗദി അറേബ്യക്കെതിരായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ലെബനോനില്‍ നിന്നുള്ള ഇറക്കുമതി വിലക്കുന്നത്. സമാനമായ വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കുന്നതിന് ലെബനോനില്‍ നിന്നുള്ള മറ്റു ചരക്ക് ലോഡുകളും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിരീക്ഷിക്കുന്നത് ആഭ്യന്തര മന്ത്രാലയം തുടരും.
ലെബനോനില്‍ നിന്നോ മറ്റു രാജ്യങ്ങളില്‍ നിന്നോ ഉള്ള മയക്കുമരുന്നിന്റെ വിപത്തുകളില്‍ നിന്ന് സ്വദേശികളുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്, സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നത് തുടരുമെന്നും മയക്കുമരുന്ന് കടത്ത് ശ്രമങ്ങള്‍ ചെറുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഏറ്റവും ഒടുവില്‍ ലെബനോനില്‍ നിന്നുള്ള ഉറുമാന്‍ ലോഡിനകത്ത് ഒളിപ്പിച്ച് കടത്തിയ 25 ലക്ഷത്തോളം ലഹരി ഗുളികകള്‍ ദമാം തുറമുഖത്തു വെച്ച് സുരക്ഷാ വകുപ്പുകള്‍ പിടികൂടുകയും മയക്കുമരുന്ന് കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലെബനോനില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ഇറക്കുമതി വിലക്കാനുള്ള പുതിയ തീരുമാനം സൗദി ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടത്.