ബംഗളൂരു/മുംബൈ - ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെക്ക് കന്നി വിജയം. മുംബൈ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ച അവർ അവസാന സ്ഥാനത്തു നിന്ന് കരകയറി. ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ബംഗളൂരു എഫ്.സിക്ക് സ്വന്തം തട്ടകത്തിൽ തിരിച്ചടിയേറ്റു. 2-1 ന് ജയിച്ച ചെന്നൈയൻ എഫ്.സി പോയന്റ് പട്ടികയിൽ ബംഗളൂരുവിനും എഫ്.സി ഗോവക്കുമൊപ്പമെത്തി. ബംഗളൂരുവിനും ചെന്നൈക്കും ആറു കളിയിലും ഗോവക്ക് അഞ്ചു കളിയിലും 12 പോയന്റുണ്ട്. അഞ്ചു കളിയിൽ അഞ്ച് പോയന്റ് ലഭിച്ച എ.ടി.കെ എട്ടാം സ്ഥാനത്താണ്. ദൽഹി ഡൈനാമോസിനെയും (3) നോർത്ഈസ്റ്റ് യുനൈറ്റഡിനെയും (4) അവർ മറികടന്നു.
അമ്പത്തിനാലാം മിനിറ്റിൽ റോബിൻ സിംഗ് നേടിയ ഗോളാണ് എ.ടി.കെക്ക് കന്നി വിജയം സമ്മാനിച്ചത്.
മുംബൈയിൽ എ.ടി.കെക്കായിരുന്നു തുടക്കം മുതൽ ആധിപത്യം. റയാൻ ടയ്‌ലറെ പ്ലേയിംഗ് ഇലവനിലുൾപ്പെടുത്തിയത് എ.ടി.കെയുടെ മുഖഛായ മാറ്റി. എന്നാൽ ആദ്യ പകുതിയിൽ അവരുടെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. അമ്പത്തിനാലാം മിനിറ്റിൽ സെക്വീഞ്ഞയും റോബി കീനും കൈമാറി വന്ന പന്ത് ഗോളിയുടെ കാലുകൾക്കിടയിലൂടെ റോബിൻ തിരിച്ചുവിടുകയായിരുന്നു.
എഴുപത്തിരണ്ടാം മിനിറ്റിൽ എ.ടി.കെ ലീഡുയർത്തിയെന്നു തോന്നി. കീൻ നൽകിയ പാസിൽ റയാൻ ടയ്‌ലർ പായിച്ച ഷോട്ട് അമരീന്ദർ സിംഗ് അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. അവസാന മിനിറ്റുകളിൽ മുംബൈ സർവശ്രമവും നടത്തിയെങ്കിലും എ.ടി.കെ പിടിച്ചു നിന്നു. ഈ സീസണിൽ സ്വന്തം ഗ്രൗണ്ടിൽ മുംബൈ സിറ്റിയുടെ ആദ്യ തോൽവിയാണ് ഇത്.
ബംഗളൂരുവിനെതിരെ ജെജെ ലാൽപെഖ്‌ലുവയും ധനപാൽ ഗണേശുമാണ് ചെന്നൈയനു വേണ്ടി സ്‌കോർ ചെയ്തത്. അഞ്ചാം മിനിറ്റിൽ ജെജെയുടെ ഷോട്ട് ബംഗളൂരു ഡിഫന്ററുടെ കാലിൽ തട്ടിത്തിരിഞ്ഞപ്പോൾ ഗോളി ഗുർപ്രീത് സന്ധു നിസ്സഹായനായി. എൺപത്തഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ബംഗളൂരു ഗോൾ മടക്കി. എന്നാൽ മൂന്നു മിനിറ്റിനകം ചെന്നൈയൻ ലീഡ് തിരിച്ചുപിടിച്ചു. റെനെ മിലേഹിലിച്ചിന്റെ ക്രോസ് ഒന്നാന്തരം ഹെഡറിലൂടെ ഗണേശ് വലയുടെ മോന്തായത്തിലേക്കുയർത്തി. എക്‌സ്ട്രാ ടൈമിൽ മികുവിന്റെയും ഭെകെയുടെയും ഹെഡറുകൾ ചെന്നൈയൻ ഗോളി കരൺജിത് രക്ഷപ്പെടുത്തി.
മോശം റഫറിയിംഗ് കളിയുടെ നിറം കെടുത്തി. ഇരുപത്തിരണ്ടാം മിനിറ്റിൽ ജെജെയെ ഹർമൻജോത് ഖബ്ര ബോക്‌സിൽ വീഴ്ത്തിയെങ്കിലും റഫറി റാക്റ്റിം സാഹ പെനാൽട്ടി വിധിച്ചില്ല.