Sorry, you need to enable JavaScript to visit this website.

മലപ്പുറം കലക്ടറുമായുള്ള യോഗത്തിൽ അങ്ങിനെ ധാരണയായിട്ടില്ല, നിയന്ത്രണം പിൻവലിക്കണം-വിസ്ഡം

കോഴിക്കോട്- ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടാൻ പാടില്ലന്ന മലപ്പുറം ജില്ലാ കലക്ടറുടെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് ആവശ്യപ്പെട്ടു. പളളി ഭാരവാഹികളുമായി ഈ വിഷയം ചർച്ച ചെയ്തുവെന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് യോഗം നടന്നിരുന്നുവെന്നത് നേരാണ്. അതിൽ അഞ്ച് പേരെ പാടുള്ളൂവെന്ന് തീരുമാനിച്ചിട്ടില്ല. പള്ളികളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാസ്‌ക്, സാമൂഹിക അകലം എന്നിവയിൽ ജാഗ്രത യുണ്ടാകണമെന്നാണ് ധാരണയായത്. ഇക്കാര്യം ഗൗരവത്തോടെ വിശ്വാസികൾ പാലിക്കുകയും ചെയ്യുന്നുണ്ട്. അഞ്ച് പേരെ പാടുള്ളൂവെന്ന തീരുമാനം പള്ളികൾ അടച്ചിടുന്നതിന് തുല്യമാണ്. 

കോവിഡ് കൂടുതൽ ബാധിച്ച കോഴിക്കോട്, എറണാകുളം പോലുള്ള ജില്ലകളിൽ പോലും എടുക്കാത്ത നടപടിയാണ് മലപ്പുറത്ത് സ്വീകരിച്ചിട്ടുള്ളത്. ഇത് ശരിയല്ല. കോവിഡ് രൂക്ഷമാകുന്നുവെന്നത് യാഥാർഥ്യമാണ്. നിയന്ത്രണങ്ങളും അനിവാര്യമാണ്. അത് എല്ലാവരുടെയും സഹകരണത്തോടെയായിരിക്കണം നടപ്പിലാക്കേണ്ടത്.അതിനാവശ്യമായ ചർച്ച വേണം. എല്ലാ മേഖലയും തുറന്ന് വെക്കുകയും പള്ളികൾ മാത്രം അടച്ചിടുകയും ചെയ്തതു കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. എല്ലായിടത്തും വരുത്തുന്ന നിയന്ത്രണങ്ങളേ പള്ളികളിലും വേണ്ടതുള്ളൂ.

വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി മാസ്‌ക് ധരിച്ച് സ്വന്തം മുസല്ലയിൽ സാമൂഹിക അകലം പാലിച്ചാണ് ഇപ്പോൾ പള്ളികളിൽ പ്രാർഥന നടക്കുന്നത്. അത് തുടരണം.കഴിഞ്ഞ റമദാനിൽ പള്ളികളിൽ പോകാൻ സാധിക്കാത്തവരാണ് വിശ്വാസികൾ.ഈ റമദാനും പളളികളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് ശഠിക്കുന്നത് വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്.
ഇതുവരെയും അധികാരികളുടെ നിയമങ്ങൾ പാലിക്കുന്നതിൽ ഒരു പടി മുന്നിൽ നിന്ന വിശ്വാസികളുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തുന്ന പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കലക്ടറുടെ ഓഫീസിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News