മലപ്പുറം- കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു. പള്ളികളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരു സമയം ഒത്തുചേരരുത് എന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. മത നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെന്നും അറിയുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണി മുതലാണ് തീരുമാനം നിലവില്‍ വരിക. നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണമെന്ന് കലക്ടര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബന്ധുവീടുകളില്‍ ഒത്തുചേരരുതെന്നും നിര്‍ദേശമുണ്ട്.
24 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ. താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍, നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ എന്നീ പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലുമാണ് 144 പ്രഖ്യാപിച്ചത്. അതേസമയം, പള്ളികളില്‍ ചുരുങ്ങിയത് 40 പേരെ നമസ്‌കാരത്തിന് അനുവദിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി.