Sorry, you need to enable JavaScript to visit this website.

വിദേശികൾക്ക് പുതിയ ലെവി അടുത്ത മാസം -ധന മന്ത്രാലയം

സ്വകാര്യ സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക ചെലവ്

റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് നേരത്തെ പ്രഖ്യാപിച്ച പുതിയ ലെവി ജനുവരി ആദ്യം മുതൽ തന്നെ നടപ്പാക്കുമെന്ന് ധന മന്ത്രാലയം വ്യക്തമാക്കി. 2018 ലെ ബജറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.
സ്വദേശികളേക്കാൾ വിദേശികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ ഒരു വിദേശിക്ക് പ്രതിമാസം 400 റിയാലും 2019 ൽ 600 റിയാലും 2020 ൽ 800 റിയാലുമാണ് ലെവി നൽകേണ്ടത്. വിദേശികളുടെ എണ്ണം സ്വദേശി ജീവനക്കാരേക്കാൾ കുറവാണെങ്കിൽ 2018 ൽ 300 റിയാലും 2019 ൽ 500 റിയാലും 2020 ൽ 700 റിയാലും അടയ്ക്കണം. പുതിയ ലെവി നടപ്പിൽ വരുന്നതോടെ സ്വകാര്യ കമ്പനികൾ വൻതോതിൽ സ്വദേശികളെ നിയമിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
എന്നാൽ ലെവി നടപ്പാക്കുന്നതിന്റെ രീതിയെ കുറിച്ച് ഇപ്പോഴും വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ല. വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് ലെവിയും ലേബർ കാർഡ് ഫീയുമടക്കം 2500 ഉം ജവാസാത്തിനുള്ള 650 ഉം ഉൾപ്പെടെ 3150 റിയാലാണ് നിലവിൽ നൽകേണ്ടത്. ഈ സംഖ്യ അടച്ച് സ്ഥാപനങ്ങൾ 2018 ലേക്കുള്ള ഇഖാമകൾ പുതുക്കി വരുന്നുണ്ട്. ധന മന്ത്രാലയം പുതിയ ലെവിയായി അവതരിപ്പിക്കുന്നത് പ്രതിമാസം 400 റിയാലാണ്. നേരത്തെയുള്ള 200 റിയാൽ ലെവി ഇതിൽ ഉൾപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നേരത്തെയുള്ള ലെവി അടക്കമാണ് 400 റിയാലെങ്കിൽ സ്ഥാപനങ്ങൾ 2400 റിയാൽ അധികം അടച്ചാൽ മതിയാകും. അല്ലെങ്കിൽ പുതിയ ലെവിയായി ഒരു തൊഴിലാളിയുടെ പേരിൽ 4800 റിയാലാണ് പ്രതിവർഷം അടയ്‌ക്കേണ്ടിവരിക. ഇത് കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ആശ്രിത ലെവി നടപ്പാക്കിയ രീതിയിൽ തന്നെയാണ് പുതിയ ലെവിയും നടപ്പാക്കുകയെന്നാണ് വിവരം. ജനുവരി മുതൽ റീ എൻട്രി അടിക്കുമ്പോഴോ ഇഖാമ പുതുക്കുമ്പോഴോ ആയിരിക്കും സ്ഥാപനങ്ങൾ ലെവി അടയ്‌ക്കേണ്ടത്. തൊഴിലാളികളല്ല മറിച്ച് സ്ഥാപനങ്ങളാണ് ഈ ലെവി അടയ്‌ക്കേണ്ടതെന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കി.

അതേസമയം മൂല്യവർധിത നികുതിക്കൊപ്പം വിദേശികൾക്കു മേലുള്ള ലെവിയെയും സ്വീകരിക്കാൻ കമ്പനികൾ ഒരുക്കങ്ങൾ തകൃതിയാക്കി. പല കമ്പനികളും ആവശ്യത്തിലധികമുള്ള വിദേശി തൊഴിലാളികളെ പിരിച്ചുവിട്ടും സ്വദേശികളെ നിയമിച്ചുമാണ് ചെലവു ചുരുക്കലിലേക്ക് നീങ്ങുന്നത്. എന്നാൽ നിർമാണ, ഉൽപാദന മേഖലയിലുള്ള കമ്പനികൾ റിക്രൂട്ട്‌മെന്റും പുതിയ തൊഴിലാളി നിയമനവും നിർത്തിവെച്ച് നിലവിലുള്ള പ്രോജക്ടുമായി മുന്നോട്ട് പോവുകയാണ്. മറ്റു ചില കമ്പനികൾ മാൻ പവർ  കമ്പനികളുമായി കരാറിലൊപ്പുവെച്ച് നിലവിലെ പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിനുള്ള ശ്രമം നടത്തിവരുന്നു.

കഴിഞ്ഞ ഒമ്പതു മാസത്തിനിടെ സ്വകാര്യ മേഖലയിൽ മൂന്നു ലക്ഷത്തിലേറെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സ്വദേശി മാനേജ്‌മെന്റിന് കീഴിലുള്ള ഏറെക്കുറെ കമ്പനികളെല്ലാം വിദേശികളെ അത്യാവശ്യ ജോലികൾക്ക് മാത്രമേ നിയമിക്കുന്നുള്ളൂ. മറ്റെല്ലാ തസ്തികകളിലും സ്വദേശികളെ നിയമിച്ച് പരിശീലനം നൽകുകയാണ്. അഡ്മിനിസ്‌ട്രേഷൻ, സെക്രട്ടറി, റിസപ്ഷൻ, ഫൈനാൻസ്, അക്കൗണ്ടിംഗ് തുടങ്ങി വിവിധ തസ്തികകളിൽ കമ്പനികൾ സ്വദേശികളെ നിയമിച്ചുവരികയാണ്. 
പുതിയ ലെവി നടപ്പാക്കുക വഴി വരുമാനം വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. 2018 ൽ 24 ബില്യൺ റിയാലും 2019 ൽ 44 ബില്യൺ റിയാലും 2020 ൽ 65 ബില്യൺ റിയാലും വരുമാനം പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ ലെവി അടയ്ക്കുന്നത് സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

Latest News