Sorry, you need to enable JavaScript to visit this website.

മാണി ഗ്രൂപ്പും പി.സി. ജോർജും തമ്മിൽ വാഗ്വാദം കൊഴുക്കുന്നു

കോട്ടയം-  കേരളാ കോൺഗ്രസ് സമ്മേളനം കഴിയുമ്പോൾ മാണിഗ്രൂപ്പും പി.സി ജോർജുമായുളള വാഗ്വാദം കൊഴുക്കുന്നു. സമ്മേളനത്തിൽ ആറായിരം പേർ മാത്രമേ പങ്കെടുത്തുള്ളൂ എന്നാണ് പി.സി ജോർജിന്റെ പക്ഷം. ഇതിനെ ചോദ്യം ചെയ്താണ് മാണി ഗ്രൂപ്പ് രംഗത്ത് വന്നത്. കേരളാ കോൺഗ്രസ് പിരിച്ചുവിടണമെന്നും ജോർജ് ആവശ്യപ്പെട്ടിരുന്നു.

കേരളാ കോൺഗ്രസിന്റെ സമ്മേളന ലക്ഷ്യങ്ങൾ പൊളിഞ്ഞെന്ന പി.സി.ജോർജിന്റെ പ്രസ്താവന വാക്കുപാലിക്കാതിരിക്കുന്നതിന്റെ ജാള്യം മറയ്ക്കാനുള്ള വൃഥാ ശ്രമമാണന്നു കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി ആരോപിച്ചു.  മഹാസമ്മേളനത്തിൽ പതിനയ്യായിരം പേരെ പങ്കെടുപ്പിച്ചാൽ പട്ടിക്കിട്ട ചോറു താൻ തിന്നേക്കാമെന്നാണു ജോർജ് നേരത്തെ വെല്ലുവിളിച്ചത്.പതിനായിരങ്ങൾ ഒഴുകിയെത്തി നെഹ്രു സ്റ്റേഡിയവും പരിസരങ്ങളും നിറഞ്ഞുകവിഞ്ഞപ്പോൾ താൻ എത്ര പട്ടിക്കിട്ട ചോറു തിന്നേണ്ടി വരുമെന്ന ഉത്ക്കണ്ഠയിൽ നിന്നുളവായ വിഭ്രാന്തിയാണു അദ്ദേഹം ഇപ്പോൾ പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ 17 മാസമായി മുന്നണി ബന്ധം വിട്ടു ഒറ്റയ്ക്കു നിൽക്കുന്ന കേരളാ കോൺഗ്രസി (എം) ന്റെ ശക്തിയും ജനകീയാടിത്തറയും വെളിപ്പെടുത്തുകയെന്ന സമ്മേളന ലക്ഷ്യം പ്രതീക്ഷയും കവച്ചു വെച്ചു വന്ന പ്രവർത്തക ബാഹുല്യം കൊണ്ടു അനായാസേന നേടിയെന്നതിനു  നെഹ്രു സ്റ്റേഡിയം സാക്ഷിയാണ്. ദൃശ്യ മാധ്യമങ്ങളുടെ ക്യാമറകൾ മൂന്നു മണി മുതൽ അതു പകർത്തിയെടുത്തിട്ടുമുണ്ട്. പാർട്ടിയുടെ മുന്നണി പ്രവേശം സംബന്ധിച്ച് യുക്തമായ സമയത്തു യുക്തമായ തീരുമാനമെടുക്കാനുള്ള കരുത്ത് പാർട്ടിക്കും നേതൃത്വത്തിനുമുണ്ട്. അതിന്റെ പേരിൽ ആരും വ്യാകുലപ്പെടേണ്ടതില്ല.   മുന്നണി പ്രവേശനത്തിനു ആരുടെ മുന്നിലും അപേക്ഷയുമായി പോയ ചരിത്രം കേരളാ കോൺഗ്രസിനില്ല. ആരുടേയും ഔദാര്യം തങ്ങൾ പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയിട്ടും സി. പി. ഐ. നേതാക്കൾ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ മറ്റെന്തോ ഗൂഢലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്.   

കെ.എം. മാണി മുഖ്യമന്ത്രിയാവാൻ സർവഥാ യോഗ്യനാണെന്നും ആ വഴിക്ക് ആലോചിക്കണമെന്നും പറഞ്ഞു സി.പി.ഐ സെക്രട്ടറിയായിരിക്കേ പന്ന്യൻ രവീന്ദ്രൻ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്ന കാര്യം മറക്കേണ്ടെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്ന കുറുക്കന്റെ ന്യായവാദം പോലെയെ അവരുടെ ഇപ്പോഴത്തെ അഭിപ്രായ പ്രകടനങ്ങളെ കാണുന്നുള്ളൂവെന്നും പുതുശ്ശേരി പറഞ്ഞു. 

Latest News