ബത്തേരി-കോട്ടക്കുന്നിനു സമീപം കാരക്കണ്ടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ ഉച്ചയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു കുട്ടികള്‍ക്കു ഗുരുതര പരിക്ക്.
കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ്(14), ജലീലിന്റെ സഹോദരീപുത്രിയുടെ മകന്‍ അജ്മല്‍(14), കോട്ടക്കുന്നിലെ മുരുകന്റെ മകന്‍ മുരളി(16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കുകളോടെ ഷെഡ്ഡിനു പുറത്തുകടന്നു സമീപത്തെ കുളത്തില്‍ ചാടിയ കുട്ടികളെ സ്‌ഫോടനശബ്ദവും നിലവിളിയും കേട്ടെത്തിയ നാട്ടുകാരാണ് കരകയറ്റിയത്. സ്‌ഫോടന കാരണം വ്യക്തമല്ല. പടക്കം പൊട്ടിയതിന്റെ സൂചനകള്‍ ഷെഡ്ഡിലോ പരിസരത്തോ കാണനായില്ലെന്നു സ്ഥലത്തെത്തിയ അഗ്നി-രക്ഷാസേനാംഗങ്ങള്‍ പറഞ്ഞു.
ഡിവൈ.എസ്.പി വി.വി.ബെന്നിയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തു പരിശോധന നടത്തി. ഷെഡ്ഡില്‍ പൊട്ടിത്തെറിച്ച വസ്തു എന്താണെന്നു വിദഗ്ധ പരിശോധനയിലേ വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു. ഭിത്തി ഹോളോ ബ്രിക്‌സിനു നിര്‍മിച്ചു മേല്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്തതാണ് സ്‌ഫോടനം നടന്ന ഷെഡ്ഡ്.
മുമ്പ് വീട് വാടകയ്‌ക്കെടുത്ത പടക്കവ്യാപാരി ഷെഡ്ഡില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പ് വീടൊഴിഞ്ഞ വ്യാപാരി ഷെഡ്ഡിലുണ്ടായിരുന്നു മുഴുവന്‍ പടക്കങ്ങളും നീക്കം ചെയ്തിരുന്നു. ഷെഡ്ഡില്‍നിന്നു ഒരു സ്‌ഫോടന ശബ്ദം മാത്രമാണ് കേട്ടതെന്നു പരിസരവാസികള്‍ പറഞ്ഞു. പാലക്കാട് സ്വദേശിയാണ് പരിക്കേറ്റ അജ്മല്‍. കാരക്കണ്ടിയിലെ ബന്ധുവീട്ടില്‍ വിരുന്നുവന്നതാണ്. കൂട്ടുകാരാണ് ഫെബിനും മുരളിയും.