Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിന്റെ പാതിര കാലം

തീർച്ചയായും രാഷ്ട്രീയ സിനിമകളുടെ കാര്യത്തിൽ മലയാളം വളരെ പിറകിലാണ്. എറ്റവും മികച്ച സംവിധായകർ വരെ ശ്രമിച്ചിട്ടും  മികച്ച ഒരു രാഷ്ട്രീയ സിനിമ മലയാളത്തിലുണ്ടായിട്ടില്ല എന്നുതന്നെ പറയാം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോകത്തിന്റെ എത്രയോ രാഷ്ട്രങ്ങളിൽനിന്ന് എത്രയോ മികച്ച രാഷ്ട്രീയസിനിമകളാണ് മലയാളി കണ്ടത്? കഴിഞ്ഞ വർഷത്തെ ക്ലാഷും നെറ്റും നെരൂദയുമൊക്കെ ഉദാഹരണങ്ങൾ. അത്തരമൊരവസ്ഥയിലേക്ക് എന്നാണ് നമ്മൾ വളരുക എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം മാത്രം. 


സമാന്തരസിനിമ കാണാനും പ്രേക്ഷകർ വരും. തെളിയിച്ചത് മറ്റാരുമല്ല. ദേശീയപുരസ്‌കാര ജേതാവ് പ്രിയനന്ദനൻ തന്നെ. കഴിഞ്ഞ വാരം തൃശൂർ ഗിരിജാ തിയറ്റർ കണ്ടത് അത്തരമൊരു കാഴ്ചയായിരുന്നു. പ്രിയനന്ദനന്റെ പുതിയ ചിത്രം പാതിരാകാലം രണ്ടുദിവസവും മോണിംഗ് ഷോ ആയി പ്രദർശിച്ചപ്പോൾ തിയറ്റർ നിറഞ്ഞു കവിയുകയായിരുന്നു. ടിക്കറ്റിനു 200 രൂപ വെച്ച് നടത്തിയ പ്രദർശനം സാമ്പത്തികമായും ലാഭകരമായിരുന്നു. തിയറ്റർ വാടകക്കെടുത്തായിരുന്നു പ്രദർശനം.
സംവിധായകൻ തന്നെ ജനങ്ങളെ സിനിമ കാണിക്കുക എന്ന ഉത്തരവാദിത്തമാണ് പ്രിയനന്ദനൻ ഏറ്റെടുത്തത്. വിപുലമായ സുഹൃദ് വലയത്തിനുടമയായ പ്രിയന് അതത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. സിനിമയിലെ പിന്നണി പ്രവർത്തകർ മാത്രമല്ല, മുഴുവൻ സുഹൃത്തുക്കളും സമാന്തരസിനിമയെ ഇഷ്ടപ്പെടുന്ന മുഴുവൻ പേരും പ്രിയനൊപ്പം അണിചേർന്നതായിരുന്നു തിയറ്റർ നിറഞ്ഞു കവിയാൻ കാരണമായത്.
മലയാളത്തിലെ സമാന്തരസിനിമ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നതിൽ സംശയമില്ല. പഴയപോലെ സമാന്തരം, മുഖ്യധാര എന്ന നിലയിലുള്ള വിഭജനത്തിൽ അർത്ഥമില്ല എന്നു വാദിക്കുന്നവരുണ്ട്. താരങ്ങളില്ലാതെ,കുറഞ്ഞ ചിലവിൽ നിർമ്മിച്ച പല സിനിമകളും ബോക്‌സ് ഓഫീസിൽ വൻവിജയം നേടുന്നുണ്ട്. പല നവാഗതസംവിധായകരുടേയും പുതുമുഖ അഭിനേതാക്കളുടേയും സിനിമകളും വിജയിക്കുന്നുണ്ട്. ലളിതമായ, എന്നാൽ വളരെ പുതിയതായ പല പ്രമേയങ്ങളും സിനിമകളാകുന്നുമുണ്ട്. മറുവശത്ത് പല താരങ്ങളുടേയും വൻകിട സംവിധായകരുടേയും സിനിമകൾ പരാജയപ്പെടുന്നുമുണ്ട്. അപ്പോഴും പലരും പറയാൻ മടിക്കുന്ന ശക്തമായ രാഷ്ട്രീയപ്രമേയങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന സിനിമകൾ പ്രേക്ഷകരിലെത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒഴിവുദിവസത്തെ കളിയും സെക്‌സി ദുർഗ്ഗയും രണ്ടുപേർ ചുംബിക്കുമ്പോഴും ഡോ. ബിജുവിന്റെ പല സിനിമകളും തുടങ്ങി ആ നിര നീളുന്നു. സമാന്തരസിനിമകളെ പ്രോത്സാഹിപ്പിക്കാനാണെന്നവകാശപ്പെട്ട് സർക്കാർ ആരംഭിച്ച കൈരളി, ശ്രീ തിയറ്ററുകളിൽ പോലും ഇത്തരം സിനിമകൾ പ്രദർശിപ്പിക്കുന്നില്ല. അവിടെയാണ് പ്രദർശനത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്തേണ്ട ആവശ്യകത ഉയരുന്നത്. പല ഓഡിറ്റോറിയങ്ങളിലും സിനിമകൾ പ്രദർശിപ്പിക്കാറുണ്ടെങ്കിലും അവക്ക് ഗുണമേന്മ ഇല്ല എന്നതാണ് വസ്തുത. കോഴിക്കോട് ആരംഭിച്ച സമാന്തര പ്രദർശന കേന്ദ്രത്തിൽ രണ്ടുപേർ ചുംബിക്കുമ്പോൾ എന്ന സിനിമ ഒരാഴ്ച പ്രദർശിപ്പിച്ചിരുന്നു. അതിനിടയിലാണ് പ്രിയനന്ദനൻ സ്വന്തം മുൻകൈയിൽ തന്നെ സിനിമ പ്രദർശിപ്പിച്ചത്. തൃശൂരിലെ വിജയത്തെ തുടർന്ന് സംസ്ഥാനത്തെ മറ്റുജില്ലകളിലും പ്രദർശനങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. അതേസമയം പ്രദർശനങ്ങൾ ഏറ്റെടുക്കാൻ കാർണിവൽ സിനിമാസ് തയ്യാറായതായും വാർത്തയുണ്ട്.
സമകാലിക കേരളം നേരിടുന്ന അതിരൂക്ഷമായ സാമൂഹ്യവിഷയങ്ങളാണ് പാതിരാകാലത്തിൽ പ്രിയനന്ദനൻ കൈകാര്യം ചെയ്യുന്നത്. പ്രശസ്ത കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ഗോപീകൃഷ്ണന്റേതാണ് തിരക്കഥ. സാമൂഹ്യപ്രവർത്തകനായി പിതാവിന്റെ തിരോധാനത്തെ തുടർന്ന് വിദേശത്ത് ഗവേഷണം ചെയ്യുന്ന ജഹനാര എന്ന പെൺകുട്ടിയുടെ തിരിച്ചുവരവിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അഞ്ചുവർഷം കൊണ്ട് കേരളീയസമൂഹത്തിൽ ഭരണകൂടം പിടിമുറുക്കിയതായാണ് അവൾക്കു മനസ്സിലാകുന്നത്. അതിന്റെ ഏറ്റവും പ്രകടിതരൂപമാണ് യുഎപിഎ എന്ന കരിനിയമം. തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനാഹ്വാനം ചെയ്തതിന തുടർന്ന് സാഹിത്യ അക്കാദമി കോമ്പൗണ്ടിൽ നിന്ന് യുഎപിഎ ചുമത്തി അജിതൻ എന്ന യുവാവിനെ അറസ്റ്റ് ചെയ്യുന്നത് നേരിട്ടു കണ്ടതാണ് തന്നെ ഇത്തരമൊരു സിനിമ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പ്രിയൻ പറയുന്നു. സാമൂഹ്യപ്രവർത്തകരുടെ സകലചലനങ്ങളും നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് പോലീസ് മാറിയതായി ജഹനാര തിരിച്ചറിയുന്നു. സുഹൃത്തുമായ ക്യാമറാമാനുമൊത്ത് ഡോക്യുമെന്ററി പിടിക്കാനെന്ന ഭാവേന പിതാവ് പോകാനിടയുള്ള സ്ഥലങ്ങളിലേക്ക് അവൾ യാത്ര ചെയ്യുന്നു. പിതാവ് ഹുസൈൻ മുമ്പയച്ച കത്തുകളിലൂടെ ആ സ്ഥലങ്ങൾ അവൾക്ക് പരിചിതമാണ്. മുത്തങ്ങയിലൂടേയും മാറാടിലൂടേയും പ്ലാച്ചിമടയിലൂടെയുമാണ് അവർ യാത്ര ചെയ്യുന്നതെന്ന് ഏതു പ്രേക്ഷകനും അനുമാനിക്കാം. അവിടത്തെ സാധാരണക്കാരിലൂടെ, പോരാടുന്നവരിലൂടെ അവൾ തന്റെ പിതാവിനെ കൂടുതലറിയുന്നു. ഒപ്പം ഓരങ്ങളിലേക്ക് ആട്ടിപായിച്ചവരുടെ ദുരിത ജീവിതവും. ആ യാത്രയിലും അവരെ നിരന്തരമായി ഭരണകൂടം വേട്ടയാടുന്നു. അവസാനം വികസനത്തിന്റെ ഇരകൾക്കൊപ്പം പോരാടാനായിരുന്നു അവളുടെ തീരുമാനം. 
തീർച്ചയായും വളരെ പ്രസക്തമായ രാഷ്ട്രീയം തന്നെയാണ് സിനിമ ഉന്നയിക്കുന്നത്. പ്രിയനന്ദനൻ പൊതുവിൽ പിന്തുണക്കുന്ന ഇടതുപക്ഷക്കാർക്കുപോലും ഇത് അസ്വസ്ഥതയുണ്ടാക്കുമെന്നുറപ്പ്. സിനിമ കഴിഞ്ഞിറങ്ങിയ പലരും പ്രിയനന്ദനൻ മാവോയിസ്റ്റായോ എന്നു ചോദിക്കുന്നതു കേട്ടു. അതേസമയം സൗന്ദര്യപരമായി സിനിമ വിജയമാണെന്ന് പറയാനാകില്ല. നാടകീയതയും കൃത്രിമത്വവുമൊക്കെ പലയിടത്തു മുഴച്ചു നിൽക്കുന്നു. പിതാവിന്റെ കത്തുകളിലൂടെ കേരളം നേരിടുന്ന മുഴുവൻ വിഷയങ്ങളും അവതരിപ്പിക്കാനുള്ള ശ്രമവും പലപ്പോഴും അരോചകമായി. പലപ്പോഴും സിനിമ ഇഴയുകയായിരുന്നു.  പ്രത്യേകിച്ച് കടപ്പുറത്തെ രംഗങ്ങളിൽ. പലയിടത്തും സാമ്പത്തിക പരിമിതിയും പ്രതിഫലിക്കുന്നു. അങ്ങനെയൊക്കെയാണെങ്കിലും വളരെ പ്രസക്തിയുള്ള രാഷ്ട്രീയപ്രമേയം തന്നെയാണ്  പ്രിയൻ കൈകാര്യം ചെയ്യുന്നത്. 
അതേസമയം നേരിട്ട് പറയുന്നില്ലെങ്കിലും എല്ലാവർക്കും സുപരിചിതമായ മുത്തങ്ങയോടും മാറാടിനോടും പ്ലാച്ചിമടയോടുമൊക്കെ സിനിമ നീതി പുലർത്തിയോ എന്ന സംശയം ബാക്കി. ഏറെക്കുറെ വിജയകരമായ പ്ലാച്ചിമട സമരം അമ്പേ പരാജയമായിരുന്നു എന്നാണ് സിനിമ കണ്ടാൽ തോന്നുക. മാറാട് ഇപ്പോഴും വർഗ്ഗീയസംഘർഷത്തിലാണെന്നും മുത്തങ്ങ കൊണ്ട് ആദിവാസിക്കൊരു നേട്ടവും ഉണ്ടായില്ല എന്ന പ്രതീതിയാണ് സിനിമ സൃഷ്ടിക്കുന്നത്. അപ്പോഴും പ്രസക്തമായ ഒരു ചോദ്യവും ഉത്തരവും സിനിമയിലുണ്ട്. മയിലമ്മയെ അനുസ്മരിക്കുന്ന സ്ത്രീയോട് പ്രായമെത്രയായെന്ന് ജഹനാര ചോദിക്കുന്നു. ഭൂമിയോളം എന്നവർ മറുപടി പറയുന്നു. അതെ, ജനകീയപ്രതിരോധങ്ങൾക്കും ഭൂമിയോളം പ്രായമുണ്ടെന്നർത്ഥം. അതേസമയം പോരാളിയായല്ല, ജീവകാരുണ്യപ്രവർത്തകനായാണ് ഹുസൈൻ പ്രേക്ഷകരുടെ മനസ്സിൽ പതിയുക. ജഹനാരയുടെ വേഷത്തിൽ മൈഥിലി മികച്ച അഭിനയാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് പ്രിയന്റെ മകൻ തന്നെയാണ്. 
തീർച്ചയായും രാഷ്ട്രീയ സിനിമകളുടെ കാര്യത്തിൽ മലയാളം വളരെ പിറകിലാണ്. ഏറ്റവും മികച്ച സംവിധായകർ വരെ ശ്രമിച്ചിട്ടും  മികച്ച ഒരു രാഷ്ട്രീയ സിനിമ മലയാളത്തിലുണ്ടായിട്ടില്ല എന്നു തന്നെ പറയാം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോകത്തിന്റെ എത്രയോ രാഷ്ട്രങ്ങളിൽ നിന്ന് എത്രയോ മികച്ച രാഷ്ട്രീയ സിനിമകളാണ് മലയാളി കണ്ടത്? കഴിഞ്ഞ വർഷത്തെ ക്ലാഷും നെറ്റും നെരൂദയുമൊക്കെ ഉദാഹരണങ്ങൾ. അത്തരമൊരവസ്ഥയിലേക്ക് എന്നാണ് നമ്മൾ വളരുക എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം മാത്രം. 
 

Latest News