ദോഹ- ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇനി പി.സി.ആര്‍. ടെസ്റ്റ് നിര്‍ബന്ധം. പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ക്വാറന്റൈന്‍, പേര്‍സണല്‍ ടെസ്റ്റിംഗ് പ്രോട്ടോക്കോളനുസരിച്ചാണിത്. യാത്ര പുറപ്പെടുന്ന രാജ്യത്തെ അംഗീകൃത ലബോറട്ടറിയില്‍ നിന്നും യാത്രയുടെ പരമാവധി 72 മണിക്കൂര്‍ മുമ്പാണ് ടെസ്റ്റ് നടത്തേണ്ടത്.
ആറു മാസത്തിനിടെ കൊറോണ ഭേദമായവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ വേണ്ട എന്നതാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മറ്റൊരു തീരുമാനം. ലബോറട്ടറി റിസള്‍ട്ടനുസരിച്ച് ഇത് തെളിയിക്കാന്‍ സാധിക്കണം.
കോവിഡ് ഭേദമാവുകയും ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നിബന്ധനകള്‍ നിറവേറ്റുകയും ചെയ്യുന്ന ഒരാള്‍ രോഗബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തി പതിനാലു ദിവസത്തിനുള്ളില്‍ (കോവിഡ് -19) സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍, സ്വയം നിരീക്ഷണത്തില്‍ പോകണം. കോവിഡ് -19 അണുബാധയ്ക്കുള്ള സാധ്യതയെക്കുറിച്ച് വിലയിരുത്തി പിസിആര്‍ പരിശോധന നടത്തുന്നത് ഉള്‍പ്പെടെ, ഫലം നെഗറ്റീവ് ആണെന്നും ഈ ലക്ഷണങ്ങള്‍ക്ക് മറ്റ് കാരണങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍, വീണ്ടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടേക്കാം.
ഏപ്രില്‍ 25 മുതലാണ് പുതിയ പ്രോട്ടോക്കോള്‍ നിലവില്‍ വരിക.