തിരുവനന്തപുരം- കേരളത്തില്‍ 18 വയസ്സുകാര്‍ മുതല്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം അനുസരിച്ച് സംസ്ഥാനം ഉയര്‍ന്ന വില നല്‍കി വാക്‌സിന്‍ വാങ്ങേണ്ടി വരുന്നത് വലിയ ബാധ്യതയാണ്. എന്നാല്‍ വാക്‌സിന്‍ ഒരാവശ്യമായത് കൊണ്ട് പണം കൊടുത്തു വാങ്ങുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുമോ എന്ന് കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗജന്യം എന്നത് വയസ്സ് അടിസ്ഥാനത്തിലല്ല. രോഗം പ്രതിരോധിക്കാനാണ്. പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കുമെല്ലാം രോഗം വരും. അതുകൊണ്ട് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം തന്നെയായിരിക്കും. ഇത് നേരത്തെ സ്വീകരിച്ച നിലപാടാണ്. ഇതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ തരാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. അത് കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. അതാണ് കേന്ദ്രത്തെ കത്തിലൂടെ അറിയിച്ചത്. എന്നാല്‍ കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സംസ്ഥാനം അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും ഇത്ര കാലം കോവിഡിനെ നേരിട്ടതു മൂലമുണ്ടായ ഭാരങ്ങളും ബാധ്യതകളും ഉള്ളതിനു പുറമെ മറ്റൊരു ഭാരം കൂടി ചുമലില്‍കെട്ടിവെക്കുന്നത് ശരിയല്ല- മുഖ്യമന്ത്രി പറഞ്ഞു.