Sorry, you need to enable JavaScript to visit this website.

മലയാളിയായ ഭർത്താവിനെ കാത്ത്  സോമാലിയൻ ഭാര്യയും ഏഴ് മക്കളും

മലയാളി-സോമാലിയൻ ദമ്പതികളുടെ ഏഴ് മക്കൾ (ഫയൽ ചിത്രം)

ജിദ്ദ- ഏഴ് മക്കളെയുമായി മലയാളിയായ ഭർത്താവിനെയും കാത്തിരിക്കുകയാണ് ഈ സോമാലിയക്കാരി. എട്ടു വർഷം മുമ്പ് ഏഴു മക്കളെയും ഭാര്യയെയും ജിദ്ദയിലാക്കി നാട്ടിലേക്ക് മടങ്ങിയ മലയാളി ഭർത്താവ് ഉടൻ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. പിതാവ് ജീവിച്ചിരിക്കെ അനാഥത്വം പേറി നിയമപരമായ രേഖകളില്ലാതെ സ്‌കൂൾ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടാണ് ഏഴ് മക്കളും സോമാലിയക്കാരിയും ജിദ്ദയിൽ കഴിയുന്നത്. തന്റെ ഭർത്താവിനെ കാണാനുള്ള കാത്തിരിപ്പിന് വൈകാതെ വിരാമമായേക്കുമെന്നാണ് പ്രതീക്ഷ. മക്കളെ കാണാനും ഉംറ നിർവഹിക്കാനുമായി സൗദിയിലേക്ക് വരാൻ തയാറെടുക്കുകയാണ് ഇദ്ദേഹം. എട്ട് വർഷം മുമ്പ് മലയാളിയായ ആദ്യ ഭാര്യയോടൊപ്പം റീ എൻട്രിയിൽ കേരളത്തിലേക്ക് മടങ്ങിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി തന്റെ സമ്പാദ്യത്തിൽ നിന്ന് ഈ മക്കൾക്കും നൽകണമെന്ന ആഗ്രഹവുമായാണ് മടങ്ങിവരുന്നത്. 
ജിദ്ദയിൽ അറിയപ്പെടുന്ന ഒരു സ്വകാര്യ കമ്പനിയിൽ ജോലിനോക്കിയിരുന്ന ഇദ്ദേഹം എട്ട് വർഷം മുമ്പ് മലയാളിയായ ആദ്യ ഭാര്യയോടൊപ്പം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. സോമാലിയക്കാരിയായ രണ്ടാം ഭാര്യ മൈമൂനയും മക്കളും ഇപ്പോൾ ജിദ്ദ ഷറഫിയയിലെ ഒരു പഴയ കെട്ടിടത്തിൽ ദുരിതത്തിൽ കഴിഞ്ഞു കൂടുകയാണ്. സമീപത്തെ വീടുകളിൽ ജോലി ചെയ്താണ് മൈമൂന മക്കളെ പോറ്റുന്നത്. ഇതിനിടെ മൂത്ത മകൾ ഹയാത്തിനെ (18) സോമാലിയക്കാരനായ ഒരാൾക്ക് വിവാഹം ചെയ്തു നൽകി. ഫൈസൽ (17), ഫവാസ് (15), ഹനാൻ (13), ഫഹദ് (12), ഹൈഫ (10), ഹാജറ (8) എന്നിവരാണ് മറ്റു മക്കൾ. ഏഴാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച ശേഷമാണ് ഇദ്ദേഹം ആദ്യ ഭാര്യയേയും കൂട്ടി നാടുവിട്ടത്. 
നിയമ ലംഘകർക്കെതിരായ പരിശോധന ശക്തമായതിനാൽ രേഖകളില്ലാത്ത ഇവർ ഏതു നിമിഷവും പിടിക്കപ്പെട്ടേക്കാം. കുട്ടികൾക്ക് നിയമപരമായ രേഖകളില്ലാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് സ്‌കൂൾ വിദ്യാഭ്യാസം നടത്തിവരുന്നത്. രേഖ ഇല്ലാത്തത് ജോലി ലഭിക്കുന്നതിനും തടസമായി നിൽക്കുന്നു. ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ഇൻചാർജ് മുജീബ് കുണ്ടൂർ ഇവരുടെ ദുരവസ്ഥ പെരിന്തൽമണ്ണയിലുള്ള പിതാവിനെ അറിയിച്ചതിനെ തുടർന്ന് സാധ്യമായ സഹായം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നൽകി. മക്കളുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞപ്പോൾ കടുത്ത മാനസികവിഷമം അനുഭവിക്കുകയാണെന്നും തീർച്ചയായും മക്കളെ കാണാനും ഉംറ നിർവഹിക്കാനും ജിദ്ദയിലെത്തുമെന്നും അദ്ദേഹം മുജീബ് കുണ്ടൂരിനെ അറിയിച്ചു. ഭൂമി വിറ്റ് കുറച്ച് സാമ്പത്തിക സഹായം ഉടൻ തന്നെ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പലഹാരങ്ങൾ ഉണ്ടാക്കി തെരുവോരത്ത് വിൽപ്പന നടത്തിയാണ് മൈമൂന നേരത്തെ മക്കളെ പോറ്റിയിരുന്നത്. ഒരിക്കൽ വാഹനമിടിച്ച് മൈമൂന തുടയെല്ല് പൊട്ടി കിടപ്പിലായതോടെ ഭക്ഷണത്തിന് പോലും വകയില്ലാതായപ്പോഴാണ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ ബന്ധപ്പെടുന്നത്. ഭർത്താവ് തിരിച്ചുവരുമെന്ന പ്രതീക്ഷയില്ലെങ്കിലും മക്കളുടെ ഭാവിയോർത്ത് രേഖകൾ ശരിയാക്കി കിട്ടുന്നതിനായി സോഷ്യൽ ഫോറവുമായി ബന്ധപ്പെടുകയായിരുന്നു. വിഷയം ഏറ്റെടുത്ത മുജീബ് കുണ്ടൂർ കേരളത്തിലുള്ള, മൈമൂനയുടെ ഭർത്താവുമായി ബന്ധപ്പെട്ടു. മക്കളെ നല്ല നിലയിലെത്തിക്കാനാവശ്യമായ സഹായങ്ങൾ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കുട്ടികളുടെ അവസ്ഥ ബോധ്യപ്പെടുത്തിയതോടെ കുട്ടികൾക്ക് ചെലവിനായി ചെറിയ തുക മുജീബ് കുണ്ടൂർ മുഖേനെ അദ്ദേഹം എത്തിച്ചു നൽകിയിരുന്നു. 
22 വർഷം മുമ്പാണ് മൈമൂനയെ ഇദ്ദേഹം വിവാഹം ചെയ്തത്. ഇവിടെയുള്ള ഒരു സുഹൃത്തിന്റെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയിരുന്ന മൈമൂനയുമായുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു.

Latest News