Sorry, you need to enable JavaScript to visit this website.

റിയാദ് തണുത്തുവിറയ്ക്കുന്നു; അശരണരുടെ തണുപ്പകറ്റാൻ മരച്ചില്ലകളിൽ പുതപ്പ്

റിയാദ് - കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ശരിവച്ചു ഈ വർഷം റിയാദ് കൊടും തണുപ്പിൽ മുങ്ങിയിരിക്കുകയാണ്. വർഷങ്ങൾക്കു ശേഷമാണ് ഇത്ര ശക്തമായ തണുപ്പ്. തണുപ്പിൽ നിന്ന് രക്ഷ തേടി അലയുന്നവരെ സഹായിക്കാൻ എല്ലാവരും കൈകോർക്കുന്ന മനോഹര കാഴ്ചയാണ് തണുത്തുറഞ്ഞ തലസ്ഥാന നഗരിയിലെ തെരുവുകളിൽ കാണുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഈ കാഴ്ചകൾ ആദ്യം പുറത്തു വരുന്നത്. 

ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ വൈറലായ ഒരു വീഡിയോ. അൽ റയ്യാനിൽ റോഡരികിലെ തണൽ മരങ്ങളുടെ ചില്ലകളിൽ  പുതപ്പ് അടങ്ങിയ കവർ തൂക്കിയിട്ട കാഴ്ചയാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. പുതപ്പ് വാങ്ങാൻ കഴിവില്ലാത്തവർക്ക് സൗജന്യമായി ഇതെടുത്തു ഉപയോഗിക്കാം. ഇത്തരം ശ്രമങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നാണ് വീഡിയോക്ക് താഴെ കമന്റിട്ട ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. അശരണരെ സഹായിക്കാൻ ഇത് കൂടുതൽ പേരെ പ്രചോദിപ്പിക്കുമെന്നും അവർ പറയുന്നു. 

ചെറിയൊരു ശതമാനം വിമർശകരും ഉണ്ട്. താരതമ്യേന സമ്പന്നരുടെ പ്രദേശമായ അൽ റയ്യാനിനു പകരം ദരിദ്രരുള്ള അൽ ഊദ്, അൽ ബത്ത, മൻഫൂഹ എന്നിവടങ്ങിളിലായിരുന്നുവെങ്കിൽ അർഹരായവർക്ക് ഇതുപകാരപ്പെടുമായിരുന്നെന്നാണ് സുൽത്താൻ അൽ മൂസ ട്വീറ്റ് ചെയ്തത്.

റിയാദിലെ ചില സ്‌കൂളുകളിലും കുട്ടികൾക്കു വേണ്ടി കമ്പിളി പുതപ്പുകൾ സൗജന്യമായി ഉപയോഗിക്കാൻ നൽകുന്നുണ്ട്. 'കൂടുതൽ തണുപ്പനുഭവപ്പെടുന്നുണ്ടെങ്കിൽ ഇതെടുത്തു ഉപയോഗിക്കൂ. ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങൾക്ക് സ്വന്തമാക്കുകയും ചെയ്യാം,' എന്ന പ്രിൻസിപ്പാലിന്റെ അറിയപ്പോടെയുള്ള പെൺകുട്ടികളുടെ സ്‌കൂളിൽ നിന്നുള്ള ചിത്രവും വൈറലായി.

തെരുവിൽ ശുചീകരണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളിക്ക് ഒരു സ്ത്രീ തണുപ്പ് പ്രതിരോധിക്കാനുള്ള ജാക്കറ്റ് വാങ്ങി നൽകുന്ന മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി.
 

Latest News