കൊല്ലം- അടിപിടി മോഷണക്കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഷാജി അക്കാര്യം കേട്ടത്. ഒളിവിൽ കഴിയുന്ന വീട്ടുവളപ്പിൽ അമ്മയും സഹോദരനും ചേർന്ന് യുവാവിനെ കൊന്നു കുഴിച്ചുമൂടിയിരിക്കുന്നു. യുവാവിനെ കാണാതായെന്ന് വീട്ടുകാർ പോലീസിൽ മൊഴി നൽകിയ കഥ ഇതളഴിഞ്ഞത് കൊലപാതകത്തിലേക്ക്. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. ഭാരതീപുരം തോട്ടംമുക്ക് പള്ളി മേലേതിൽ ഷാജി പീറ്ററിന്റെ തിരോധാനമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഷാജിയുടെ മാതാവ് പൊന്നമ്മ, സഹോദരൻ സജിൻ പീറ്റർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മറ്റൊരു അടിപിടി കേസിൽ ഈ വീട്ടിൽ ഒൡവിൽ കഴിയുന്നതിനിടെ ഷാജി എന്നയാളാണ് കൊലപാതകത്തിന്റെ കഥ കേട്ടത്. പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മിലുള്ള തർക്കത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. ഷാജി ഉടൻ ഇക്കാര്യം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. 2018 ഓഗസ്റ്റ് 25ന് തിരുവോണ നാളിലായിരുന്നു കൊലപാതകം. മദ്യപിച്ച് വീട്ടിലെത്തിയ ഷാജി പീറ്റർ വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് ഷാജിയെ കമ്പി വടികൊണ്ടടിച്ചു വീഴ്ത്തി. മരിച്ചുവെന്ന് ഉറപ്പിച്ചതോടെ പറമ്പിൽ കിണറിന് സമീപം കുഴിച്ചുമൂടുകയായിരുന്നു. ഷാജി ഇടയ്ക്കിടെ മോഷണക്കേസുകളിൽ അകപ്പെട്ട് ഒളിവിൽ പോകുന്നയാളായിരുന്നു. ഇതോടെ ഇയാളുടെ തിരോധാനം ആർക്കും സംശയമുണ്ടായില്ല. ഇന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഷാജിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി.