Sorry, you need to enable JavaScript to visit this website.

കേരളത്തില്‍  കോവിഡ് വ്യാപനം അതിരൂക്ഷം; മുഖ്യമന്ത്രി ആറ് മണിക്ക് മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം-കേരളത്തില്‍  കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. വൈകീട്ട് ആറ് മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 20,000ത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ നിര്‍ദേശമുണ്ടായി. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
വാക്‌സിന്‍ വിതരണത്തില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പരമാവധി പേര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്താനും പ്രത്യേക സമയം അനുവദിച്ച് വാക്‌സിനേഷന്‍ നടത്താനും തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി നടത്താനും നിര്‍ദേശം വന്നിട്ടുണ്ട്. വീട്ടിലിരുന്നുള്ള ജോലി പരമാവധി പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ളവയില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ ജോലിക്കെത്തിയാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വൈകിട്ട് ആറുമണിക്ക് നടത്തുന്ന പത്രസമ്മേളനത്തില്‍ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കും.
 

Latest News