മലപ്പുറം- വളാഞ്ചേരിയിൽ യുവതിയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അൻവറിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. മൃതദേഹാവിശിഷ്ടങ്ങൾ പുറത്തെടുത്തിട്ടുണ്ട്.
രാവിലെ ഒമ്പതു മണിയോടെയാണ് മൃതദേഹം കുഴിച്ചിട്ട തെങ്ങിൻ തോപ്പിൽ കനത്ത സുരക്ഷയോടെ പ്രതിയെ എത്തിച്ചത്.
40 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തിന്റെ (21) മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40) തിരൂർ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ് പ്രതി.
യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസമായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു.