Sorry, you need to enable JavaScript to visit this website.

സി.പി.ഐ കാലുവാരിയെന്ന് ജോസ് വിഭാഗത്തിൽ മുറുമുറുപ്പ് 

കോട്ടയം- കേരള കോൺഗ്രസ് എമ്മിനെ സി.പി.ഐ കാലുവാരിയെന്ന ആരോപണം പരസ്യമായി നിഷേധിക്കുമ്പോഴും കേരള കോൺഗ്രസ് അണികളും നേതാക്കളും അത് തള്ളിക്കളയുന്നില്ല. ഇടതു മുന്നണിയിലേക്കുള്ള കേരള കോൺഗ്രസ് എം പ്രവേശനത്തെ ആദ്യന്തം എതിർത്ത സി.പി.ഐ പൂർണമായ നിസഹകരണത്തിലായിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്. ഇതു സംബന്ധിച്ച വസ്തുതാപരമായ കണക്ക് കേരള കോൺഗ്രസ് എം സി.പി.എമ്മിന് കൈമാറി എന്നാണ് പറയുന്നത്. അതേസമയം കേരള കോൺഗ്രസ് എട്ടു സീറ്റുകളിൽ വിജയിക്കുമെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. ആകെ മത്സരിച്ച 12 സീറ്റിൽ നാലു മാത്രമേ നഷ്ടപ്പെടൂ എന്നാണ് വിശ്വാസം. എന്നാൽ പാലാ ഉൾപ്പെടെ അട്ടിമറി നടന്നുവെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
കേരള കോൺഗ്രസ് വിജയം തങ്ങളുടെ സാധ്യയും വിലപേശൽ ശക്തിയും കുറയ്ക്കുമെന്നാണ് സി.പി.ഐ കരുതുന്നത്. കേരള കോൺഗ്രസ് എമ്മിനെ താഴ്‌ത്തെക്കെട്ടുന്ന പ്രസ്താവനകളാണ് സി.പി.ഐ നേതാക്കൾ പുറപ്പെടുവിച്ചിരുന്നതും. മാത്രമല്ല ജോസ് കെ. മാണി നല്ല വകുപ്പ് ചോദിച്ചേക്കുമെന്നും സി.പി.ഐ കരുതുന്നു. ഇത്തരം ആശങ്കകൾ മൂലം സി.പി.ഐ പലയിടത്തും കാലുവാരിയതായാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് തുടക്കത്തിൽ മുതൽ സി.പി.ഐ സഹകരിച്ചില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജോസ് കെ. മാണി ഈ ആരോപണം പരസ്യമായി നിഷേധിച്ചിരുന്നു.


കേരള കോൺഗ്രസ് മുന്നണിയിലേക്ക് എത്തിയതുമുതൽ സി.പി.ഐ ഇടഞ്ഞുനിൽക്കുകയായിരുന്നെങ്കിലും പിന്നീട് നേതാക്കൾ അയഞ്ഞു. കോട്ടയത്ത് സി.പി.ഐ മത്സരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ഇടതുമുന്നണിയിലെത്തിയ കേരള കോൺഗ്രസ് എമ്മിന് നൽകിയത് പ്രാദേശിക നേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. 
ഇത്തരത്തിൽ നഷ്ടമായ മണ്ഡലങ്ങളിൽ സി.പി.ഐ സഹകരിച്ചില്ലെന്നാണ് കേരള കോൺഗ്രസ് ആരോപിക്കുന്നത്. സി.പി.ഐ 25 സീറ്റിലും കേരള കോൺഗ്രസ് എം 13 സീറ്റിലുമാണ് മത്സരിച്ചത്.
സീറ്റ് വിഭജനം മുതൽ ഉടലെടുത്ത കേരള കോൺഗ്രസ് എം-സി.പി.ഐ ഭിന്നതയാണ് തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വീണ്ടും മറനീക്കി പുറത്ത് വരുന്നതെന്നാണ് ഇപ്പോൾ ചർച്ചാ വിഷയം. ജോസ് വിഭാഗം മത്സരിച്ച പാലാ, പൂഞ്ഞാർ റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സി.പി.ഐ നിശബ്ദമായിരുന്നുവെന്നാണ് കേരളാ കോൺഗ്രസിന്റെ വിമർശം.


സി.പി.ഐയുടെ പ്രചാരണം പാലായിൽ വളരെ ദുർബലമായിരുന്നുവെന്നും അടിയൊഴുക്കുകൾക്ക് സാധ്യതയുണ്ടെന്നും കേരളാ കോൺഗ്രസ് ആരോപിച്ചിരുന്നു. പാലാ നഗരസഭയിൽ ജോസ് ഗ്രൂപ്പ് അർഹമായ സീറ്റ് നൽകിയില്ലെന്ന് സി.പി.ഐ ആരോപിച്ചിരുന്നു. ഒറ്റക്കു മത്സരിക്കാൻ വരെ സി.പി.ഐ തീരുമാനിച്ചതാണ്. പാലായിൽ സി.പി.ഐ-ജോസ് ഗ്രൂപ്പ് പടലപിണക്കം ഇപ്പോഴും നിലനിൽക്കുന്നു. പൂഞ്ഞാറിലും സി.പി. ഐ ജോസ് ഗ്രൂപ്പിന്റെ പാലം വലിച്ചതായി ആക്ഷേപം ശക്തമാണ്. പി.സി. ജോർജിനും ടോമി കല്ലാനിക്കുമായി വോട്ടുകൾ പകുത്തുപോയി. പൂഞ്ഞാറിൽ കേരള കോൺഗ്രസ് ശക്തമായ പ്രചാരണം നടത്തിയില്ലെന്നാണ് സി.പി.ഐ ആരോപണം. ഇത് മുൻകൂർ ജാമ്യം എടുക്കലായി കേരള കോൺഗ്രസ് എം വിലയിരുത്തുന്നു.
പിറവത്ത് സി.പി.എമ്മിൽനിന്നും തെരഞ്ഞെടുപ്പു അടുത്തിരിക്കെ ജോസ് വിഭാഗത്തിൽ ചേക്കേറിയ സിന്ധു മോൾ ജേക്കബ് ആയിരുന്നു സ്ഥാനാർഥി. ഇതിനെതിരെയും പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ നിറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ കാലുവാരൽ നടന്നെന്നും കോൺഗ്രസിലെ അനൂപ് ജേക്കബിന് വോട്ടുകൾ മറിച്ചെന്നും ആരോപണമുണ്ട്.
ഇരിക്കൂറിലും റാന്നിയിലും പ്രാദേശിക നേതൃത്വം സഹകരിച്ചില്ലെന്ന് സ്ഥാനാർഥികൾ ആരോപിക്കുന്നു. ഇരിക്കൂറിൽ പലയിടത്തും പ്രചാരണത്തിന് സി.പി.ഐ പ്രാദേശിക നേതാക്കളുടെ സഹകരണമുണ്ടായിരുന്നില്ല. 


റാന്നിയിലെ സ്ഥാനാർഥി പ്രമോദ് നാരായണനും ഇതേ അഭിപ്രായമാണത്രെ. റാന്നിയിൽ പ്രമോദ് നാരായണനെ സ്വീകരിക്കാൻ അവിടത്തെ എൽ.ഡി.എഫ് നേതാക്കൾക്ക് തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേരള കോൺഗ്രസ് എം-സി.പി.ഐ തർക്കം രൂക്ഷമാകുമെന്നും സൂചനയുണ്ട്. എന്നാൽ ഒരിടത്തും കാലു വാരൽ ഉണ്ടായിട്ടില്ലെന്നു സി.പി.ഐ നേതാക്കൾ പറയുന്നു. 
സി.പി.ഐ ക്കെതിരെ ഉയർന്ന വാർത്ത വ്യാജമാണെന്ന് ജോസ് കെ. മാണിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സി.പി.ഐ നിലപാടിൽ കേരള കോൺഗ്രസ് അങ്ങേയേറ്റം പ്രതിഷേധത്തിലാണെന്നാണ് സൂചന. 


 

Latest News