Sorry, you need to enable JavaScript to visit this website.

ഒമ്പതു മാസത്തിനിടെ മൂന്നു ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു

*സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 81.9 ലക്ഷമായി കുറഞ്ഞു

* മൂന്നാം പാദത്തിൽ ഒന്നേകാൽ ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു

റിയാദ് - ഒമ്പതു മാസത്തിനിടെ സ്വകാര്യ മേഖലയിൽ മൂന്നു ലക്ഷത്തിലേറെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) അറിയിച്ചു. ഈ വർഷം മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം രണ്ടു ശതമാനം കുറഞ്ഞു. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 1,27,740 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതോടെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 81.9 ലക്ഷമായി കുറഞ്ഞു. 2017 ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലത്ത് സ്വകാര്യ മേഖലയിൽ 3,06,600 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. 
മൂന്നാം പാദത്തിൽ സൗദികളും വിദേശികളും അടക്കമുള്ള സ്വകാര്യ മേഖലാ ജീവനക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിന്റെ അവസാനത്തെ കണക്കുകൾ പ്രകാരം സൗദികളും വിദേശികളും അടക്കം 98.7 ലക്ഷം തൊഴിലാളികളാണ് സ്വകാര്യ മേഖലയിലുള്ളത്. ഗോസി രജിസ്‌ട്രേഷനുള്ള സ്വകാര്യ മേഖലാ ജീവനക്കാരിൽ 83 ശതമാനം വിദേശികളും 17 ശതമാനം സൗദികളുമാണ്. ഈ വർഷം മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം വർധനവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിൽ 15,960 സൗദികൾക്ക് സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചു. മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 16.9 ലക്ഷം സൗദികളാണ് ജോലി ചെയ്യുന്നത്. 
സൗദി ജീവനക്കാരിൽ 46 ശതമാനത്തിന്റെയും വേതനം മൂവായിരം റിയാലിൽ കൂടില്ല. 7,69,200 സൗദികൾ ഈ ഗണത്തിൽപെട്ടവരാണ്. പതിനായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്ന 2,18,200 സൗദികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരിൽ 13 ശതമാനം പേർക്ക് പതിനായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്നുണ്ട്. വിദേശ തൊഴിലാളികളിൽ 88 ശതമാനം പേരുടെയും വേതനം മൂവായിരം റിയാലിൽ കൂടില്ല. 72 ലക്ഷം പേർ ഈ ഗണത്തിൽ പെട്ടവരാണ്. പതിനായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്ന 2,48,400 വിദേശ തൊഴിലാളികൾ സ്വകാര്യ മേഖലയിലുണ്ട്. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളിൽ മൂന്നു ശതമാനം പേർ ഈ വിഭാഗത്തിൽ പെട്ടവരാണ്. ഏറ്റവും കൂടുതൽ തൊഴിലാളികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ സ്വകാര്യ മേഖലയിൽ 34 ലക്ഷം പേർ ജോലി ചെയ്യുന്നു. സൗദിയിലെ സ്വകാര്യ മേഖലാ തൊഴിലാളികളിൽ 35 ശതമാനവും റിയാദ് പ്രവിശ്യയിലാണെന്നും ഗോസി കണക്കുകൾ വ്യക്തമാക്കുന്നു. 


 

Latest News