റിയാദ് - സൗദിയിൽ വിസിറ്റ് വിസ കാലാവധി ദീർഘിപ്പിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് വല്ല യാഥാർത്ഥ്യവുമുണ്ടോ. ഫാമിലി വിസിറ്റ് വിസ ദീർഘിപ്പിക്കാവുന്ന കൂടിയ കാലാവധി ഒമ്പതു മാസമായി ഉയർത്തിയെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ ഇത് ശരിയല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഫാമിലി വിസിറ്റ് വിസ പരമാവധി ആറു മാസം വരെ മാത്രമേ ദീർഘിപ്പിക്കാനാകൂ. 180 ദിവസത്തിൽ കൂടാത്ത നിലക്കാണ് ഫാമിലി വിസിറ്റ് വിസ പുതുക്കി നൽകുന്നത്. യെമനികളുടെയും സിറിയക്കാരുടെയും വിസിറ്റ് വിസകൾ ആറു മാസത്തിലധികം ദീർഘിപ്പിക്കാം.
ഫൈനൽ എക്‌സിറ്റ് വിസ കാലാവധി 60 ദിവസമാണ്. ഇഷ്യു ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം ഏതു സമയത്തും ഇവർക്ക് രാജ്യം വിടാം. ഫൈനൽ എക്‌സിറ്റ് വിസക്ക് പ്രത്യേക ഫീസില്ല. എന്നാൽ ആശ്രിത ലെവി നിലവിൽ വന്നതു മുതൽ ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യു ചെയ്യുന്നതു വരെയുള്ള കാലത്തേക്കും ഫൈനൽ എക്‌സിറ്റ് വിസാ കാലാവധിയായ രണ്ടു മാസത്തേക്കുമുള്ള ആശ്രിത ലെവി കുടുംബാംഗങ്ങളുടെ ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കുന്നതിന് മുൻകൂട്ടി അടക്കേണ്ടിവരും. വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിനും സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആശ്രിത ലെവി നടപ്പാക്കുന്നതും സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ലെവി ഉയർത്തുന്നതും. സൗദി പാസ്‌പോർട്ട് ഇഷ്യു ചെയ്ത് 90 ദിവസത്തിനകം പാസ്‌പോർട്ട് കൈപ്പറ്റിയിരിക്കണം. അല്ലാത്ത പക്ഷം പാസ്‌പോർട്ട് റദ്ദാക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.