കോഴിക്കോട്- കെ.എം. ഷാജി എം.എൽ.എയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളന്ന് തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിന് വിജിലൻസ് നോട്ടീസ് നൽകി. ഒരാഴ്ചക്കകം വീടുകള്‍ അളക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ 12ന് കെ.എം. ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെയും കണ്ണർ അലവിൽ മണലിലെയും വീടുകളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 50 ലക്ഷത്തോളം രൂപ കണ്ടെത്തുകയും ചെയ്തു.
രണ്ട് വീടുകളുടേയും വില നിശ്ചയിക്കാനാണ് വിജലന്‍സ് ശ്രമിക്കുന്നത്. മൂന്നുവർഷം മുമ്പുള്ള സിമിന്‍റ് അടക്കമുള്ള കെട്ടിട നിർമാണ സാമഗ്രികളുടെ വില നിശ്ചയിക്കേണ്ടതുണ്ട്. ഇതിനായി സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിന്‍റെ സഹായവും വിജിലൻസ് തേടിയിട്ടുണ്ട്.
വീട്ടില്‍നിന്ന് കണ്ടെടുത്ത പണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമായ രേഖകള്‍ വിജിലന്‍സിനു സമർപ്പിക്കുമെന്നും കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു.