റിയാദ് - ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണ സെറ്റ് കവര്‍ന്ന രണ്ടു വനിതകള്‍ കുടുങ്ങി. ശിരോവസ്ത്രം ഉപയോഗിച്ച് മുഖംമറച്ച് ഉപയോക്താക്കളെ പോലെ ജ്വല്ലറിയിലെത്തിയ സംഘത്തില്‍ ഒരാള്‍ ആഭരണങ്ങള്‍ പരിശോധിക്കുന്നതിനിടെ സെയില്‍സ്മാന്റെ ശ്രദ്ധ തിരിക്കുകയും കൂട്ടാളി നിരീക്ഷണ ക്യാമറകള്‍ നിരീക്ഷിച്ച് ഞൊടിയിടയില്‍ ഒരു സെറ്റ് ആഭരണം പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിക്കുകയുമായിരുന്നു.
മോഡലുകള്‍ ഇഷ്ടപ്പെട്ടില്ല എന്ന കാരണം പറഞ്ഞ് ഇരുവരും വൈകാതെ ജ്വല്ലറിയില്‍ നിന്ന് പുറത്തുകടന്നു.
ഇതിനു ശേഷം ആഭരണങ്ങള്‍ തിരികെ വെക്കുന്നതിനിടെയാണ് കൂട്ടത്തില്‍ ഒരു സെറ്റ് അപ്രത്യക്ഷമായത് സെയില്‍സ്മാന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഓടിപുറത്തിറങ്ങിയ സെയില്‍സ്മാന്‍ ഇരുവരെയും സമീപത്തു വെച്ചു തടയുകയും ആഭരണം മോഷ്ടിച്ചതായി ആരോപിക്കുകയും ചെയ്തു.
കുടുങ്ങുമെന്ന് ഉറപ്പായതോടെ ആഭരണ സെറ്റ് സെയില്‍സ്മാന് തിരിച്ചുനല്‍കി ഇരുവരും തടിയൂരി. ആഭരണ സെറ്റ് തിരിച്ചുകിട്ടിയതോടെ കേസിന് നില്‍ക്കാതെ ഇരുവരെയും സ്ഥലംവിടാന്‍ സെയില്‍മാന്‍ അനുവദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.