കൊല്ലം- രണ്ടര വര്‍ഷമുണ്ടായ യുവാവിന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞു. അഞ്ചല്‍ ഏരൂരിലാണ് ദൃശ്യം മോഡല്‍ കൊലപാതകം നടന്നത്. ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. ഷാജിയെ സഹോദരനും അമ്മയും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സഹോദരന്‍ സജിന്‍ പീറ്ററേയും അമ്മയെയും പോലിസ് കസ്റ്റഡിയിലെടുത്തു. ബന്ധു നല്‍കിയ വിവരത്തിലൂടെയാണ് രണ്ടര വര്‍ഷം മുന്‍പ് നടന്ന സംഭവം പുറത്തുവന്നത്.
2018 ഓഗസ്റ്റില്‍ ഓണസമയത്താണ് ഷാജി പീറ്ററെ കാണാതാവുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ആരും പോലീസില്‍ നല്‍കിയിരുന്നില്ല. കൊലപാതകവിവരം ബന്ധു പോലിസിനെ അറിയിച്ചതോടെയാണ് അന്വേഷണം നടത്തിയത്. കുടുംബവഴക്കിനിടെ അബദ്ധം പറ്റിയതാണെന്ന് സഹോദരനും അമ്മയും പോലിസിന് മൊഴി നല്‍കി. കാണാതായ ഷാജി പീറ്റര്‍ മലപ്പുറത്ത് ജോലിക്ക് പോയിരിക്കുകയാണെന്നാണ് ഇരുവരും നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.
അവിവാഹിതനായ ഷാജി പീറ്റര്‍ തനിച്ചാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം കുടുംബവീട്ടില്‍ എത്തിയ സഹോദരന്‍ സജിന്‍ ഷാജി പീറ്ററുമായി വഴക്കിട്ടു. വഴക്കിനിടെ പ്രകോപിതനായ സജിന്‍ പീറ്റര്‍ ചേട്ടന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മൃതദേഹം അമ്മയും സജിന്‍ പീറ്ററും ചേര്‍ന്നാണ് കുഴിച്ചുമൂടിയതെന്ന് പോലിസ് പറയുന്നു.