ന്യൂദൽഹി - ദൽഹി ഡൈനാമോസിനെ എവേ മത്സരത്തിൽ 5-1 ന് കശക്കി എഫ്.സി ഗോവ ഐ.എസ്.എൽ ഫുട്‌ബോൾ ടൂർണമെന്റിന്റെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക്. അഞ്ച് കളിയിൽ ഗോവക്കും ബംഗളൂരു എഫ്.സിക്കും 12 പോയന്റ് വീതമാണ്. ഗോൾവ്യത്യാസത്തിൽ ബംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. അഞ്ചു കളിയിൽ നാലാം തോൽവി വാങ്ങിയ ദൽഹി ഒമ്പതാം സ്ഥാനത്തു തുടരുന്നു.
അറുപത്താറാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കിട്ടി ഗബ്രിയേൽ സിചെരൊ പുറത്തായ ശേഷം പത്തു പേരുമായാണ് ദൽഹി കളി പൂർത്തിയാക്കിയത്. ഇടവേള വിസിലിന് സെക്കന്റുകൾ മുമ്പ് തുടരെ വഴങ്ങിയ രണ്ടു ഗോളാണ് ദൽഹിക്ക് തിരിച്ചടിയായത്. ഗോവയുടെ നിരന്തര ആക്രമണങ്ങളുടെ ഫലമായിരുന്നു ഗോളുകൾ. മാന്വേൽ ലാൻസറോടിന്റെ ഫ്രീകിക്ക് ഗോളി സുഖ്‌ദേവ് പാട്ടീൽ തട്ടിത്തെറിപ്പിച്ചപ്പോൾ ഫെരാൻ കൊറാമിനാസ് വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. സെക്കന്റുകൾക്കകം കൊറാമിനാസ് പ്രത്യുപകാരം ചെയ്തു. കൊറാമിനാസിന്റെ പാസിൽ ലാൻസറോട് ഷോട്ട് പായിക്കുമ്പോൾ ദൽഹി ഗോളി അമ്പരന്നു നിൽക്കുകയായിരുന്നു. അതിനു മുമ്പ് ഇരു ടീമുകളുടെയും ഷോട്ടുകൾ ക്രോസ്ബാറിൽ തട്ടിത്തെറിച്ചിരുന്നു.
ഇടവേളക്കു ശേഷം ദൽഹി അതിശക്തമായി ആക്രമിച്ചു. അറുപത്തിരണ്ടാം മിനിറ്റിൽ അവർ ലീഡ് കുറച്ചു. റോമിയൊ ഫെർണാണ്ടസിന്റെ പാസ് സ്വീകരിക്കുമ്പോൾ കാലു ഉച്ചെക്കു മുന്നിൽ തുറന്ന വലയായിരുന്നു. ക്യാപ്റ്റന് പിഴച്ചില്ല. എന്നാൽ തൊട്ടു പിന്നാലെ സിചെരൊ പുറത്തായത് ആതിഥേയരുടെ പ്രതീക്ഷ തകർത്തു. അതോടെ ഗോവ കളിയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തു. പ്രിതം കോടാലിന്റെ സെൽഫ് ഗോൾ ദൽഹിയുടെ ദുരന്തം പൂർത്തിയാക്കി. അരങ്ങേറ്റ മത്സരത്തിൽ അഡ്രിയൻ കോലുംഗ, മാന്വേൽ അരാന എന്നിവരും സെക്കന്റുകളുടെ ഇടവേളയിൽ ദൽഹി വല കുലുക്കി.