വടകര- കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടായാലും ഭരണം മാറിയാലും ഒരു കാര്യം യു.ഡി.എഫ് ഉറപ്പിച്ചിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ രമ അട്ടിമറി വിജയം നേടുമെന്നതാണത്. പതിറ്റാണ്ടുകളായി ഇടതുമുന്നണി മാത്രം വിജയിച്ച് പോന്നിരുന്ന മണ്ഡലത്തില്‍ ഇത്തവണ കെകെ രമയിലൂടെ യുഡിഎഫ് അട്ടിമറി വിജയം നേടുമോയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. എല്‍ജെഡിയിലെ മനയത്ത് ചന്ദ്രനെതിരെ യുഡിഎഫ് പിന്തുണയില്‍ കെകെ രമ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലില്‍ വടകരയില്‍ കെകെ രമയ്ക്ക് വലിയ മുന്‍ തൂക്കം ഉണ്ടെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ലീഗ് കേന്ദ്രങ്ങള്‍ മുമ്പൊരിക്കലുമില്ലാത്ത ആവേശത്തോടെ രംഗത്തുണ്ടായിരുന്നു.
2016 ലെ തെരഞ്ഞെടുപ്പില്‍ എല്‍ജെഡിയും ജെഡിഎസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ 9511 വോട്ടുകളുടെ വിജയമായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി സികെ നാണു നേടിയത്. അന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമ നേടിയ 20504 വോട്ടുകള്‍ ഇടതുമുന്നണിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വടകരയുടെ രാഷ്ട്രീയ ചിത്രത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പരസ്പരം ഏറ്റുമുട്ടിയ എല്‍ജെഡിയും ജെഡിഎസും ഇപ്പോള്‍ ഇടതുമുന്നണിയിലാണ്. ജയിച്ച ജെഡിഎസിന്റെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് തോറ്റ എല്‍ജെഡിക്ക് നല്‍കുകയും ചെയ്തു.തദ്ദേശ തെരഞ്ഞെടുപ്പിലെ കൂട്ടുകെട്ട് വിജയകരമായതിന് പിന്നാലെയാണ് നിയമസഭ തെരഞ്ഞടുപ്പിലും സഖ്യമെന്ന ആലോചന യുഡിഎഫില്‍ ശക്തമായത്. ഒടുവില്‍ ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് പിന്തുണയില്‍ കെകെ രമം സ്വതന്ത്രയായി മത്സരിക്കുകയും ചെയ്തു. ഇതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫിന് വിജയ സാധ്യത വര്‍ധിച്ചത്. പ്രചരണ ഘട്ടത്തില്‍ അടക്കം കെകെ രമയ്ക്ക് ഇടതുമുന്നണിയെ മറികടക്കാന്‍ കഴിഞ്ഞെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. സി.പി.എം അഭിമാന പ്രശ്‌നമായി കണ്ടിരുന്ന വടകരയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ രണ്ട് ജില്ലാ സെക്രട്ടരിമാരെ നിയോഗിച്ചിരുന്നു.