Sorry, you need to enable JavaScript to visit this website.

 സൗദിയിൽ അസ്ട്രാസെനിക്ക വാക്‌സിൻ ഉപയോഗിച്ച 15 പേർക്ക് സ്‌ട്രോക്ക്, ഭയപ്പെടാനില്ല

റിയാദ് - കോവിഡ് പ്രതിരോധ വാക്‌സിനായ അസ്ട്രാസെനിക്ക ഉപയോഗിച്ചതു മൂലം സൗദിയിൽ 15 പേരിൽ രക്തം കട്ടപിടിച്ചതായി (സ്‌ട്രോക്ക്) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. സൗദിയിൽ രണ്ടു ലക്ഷം പേരിൽ ഒരാൾക്ക് എന്ന തോതിലാണ് അസ്ട്രാസെനിക്ക വാക്‌സിൻ സ്വീകരിച്ചതു മൂലം രക്തം കട്ടപിടിച്ചത്. ഇക്കാര്യത്തിൽ ആഗോള ശരാശരി ഒന്നേകാൽ ലക്ഷം പേർ മുതൽ പത്തു ലക്ഷം വരെ പേരിൽ ഒരാൾ എന്ന തോതിലാണ്. 
വാക്‌സിൻ നൽകുന്ന ഘട്ടത്തിൽ ഉയർന്ന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പുകളോട് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. വാക്‌സിൻ നൽകുന്നതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ അപകട സാധ്യതകളെക്കാൾ കൂടുതലാണ്. വാക്‌സിൻ ഉപയോഗിക്കുന്നതു മൂലം രക്തം കട്ടപിടിക്കാനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കുറയാനും സാധ്യതകളുണ്ട്. വാക്‌സിനേഷൻ മൂലം പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന അപ്രതീക്ഷിത പ്രതികരണം രക്തത്തിലെ പ്ലേറ്റുകൾ വൻതോതിൽ സജീവമാകാൻ ഇടയാക്കുമെന്നത് സാധ്യതകളിൽ ഒന്നാണ്. ഇത് പ്ലേറ്റുകളുടെ എണ്ണം കുറയുന്നതിലേക്കും രക്തം കട്ടപിടിക്കുന്നതിലേക്കും നയിക്കുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. 
അസ്ട്രാസെനിക്ക വാക്‌സിൻ ഉപയോഗം ഏതാനും യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ നിർത്തിവെച്ചിരുന്നു. പിന്നീട് ഇക്കൂട്ടത്തിൽ പെട്ട ഭൂരിഭാഗം രാജ്യങ്ങളും വാക്‌സിൻ ഉപയോഗം പുനരാരംഭിച്ചു. എന്നാൽ കൂടുതൽ പ്രായമുള്ളവരിൽ ഈ വാക്‌സിൻ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ട്. രക്തം കട്ടപിടിക്കാൻ കാരണമായേക്കുമെന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ഉപയോഗിക്കുന്നത് അമേരിക്കയും കാനഡയും യൂറോപ്യൻ യൂനിയനും നിർത്തിവെച്ചിട്ടുണ്ട്. ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ഉപയോഗിക്കുന്നത് ദക്ഷിണാഫ്രിക്കയും നിർത്തിവെച്ചിട്ടുണ്ട്.
 

Latest News