Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിയുടെ ചോദ്യവും സി.പി.എം നേതൃത്വവും

ഗുജറാത്തിൽ തെരഞ്ഞെടുപ്പു പ്രചാരണരംഗത്തുനിന്ന് നേരെ കേരളത്തിലേക്കു വന്ന് രാഹുൽഗാന്ധി ചോദിച്ചത് വളരെ ലളിതമായൊരു ചോദ്യമാണ്.  ബി.ജെ.പിയെയും അതിന്റെ ഫാഷിസ്റ്റ് ഭീഷണിയെയും നിങ്ങൾ ആത്മാർത്ഥമായി എതിർക്കാൻ തയാറുണ്ടോ?
ബി.ജെ.പിയെ നേരിടാൻ കോൺഗ്രസുമായി ഒരുവിധ സഹകരണവും ധാരണയും പാടില്ലെന്ന നിലപാട് കേന്ദ്രനേതൃത്വത്തിൽ ഉയർത്തിപ്പിടിച്ചിരിക്കുന്നത് സി.പി.എമ്മിന്റെ കേരള ഘടകമാണ്.  പ്രകാശ് കാരാട്ടിനെ മുന്നിൽനിർത്തി.  സി.പി.എം പി.ബിയിലെ മുൻതൂക്കമുള്ള ഈ നിലപാടുകാരണം ബി.ജെ.പിക്കെതിരായ ശരിയായ പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കാൻ സി.പി.എം കേന്ദ്രനേതൃത്വം വിഷമിക്കുകയാണ്. 
കോൺഗ്രസടക്കമുള്ള മതനിരപേക്ഷ കക്ഷികളുടെ ഒരു വിശാലമുന്നണി ബി.ജെ.പിയിലെ ഫാഷിസ്റ്റ് വെല്ലുവിളിക്കെതിരെ അനിവാര്യമാണെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് പി.ബിയിൽ രണ്ടുതവണയാണ് കേരളഘടകത്തിന്റെ പിൻബലത്തിൽ തള്ളപ്പെട്ടത്. ഇരുവിഭാഗവും യോജിച്ച ഒരു കരടുനയം തയാറാക്കി ജനുവരിയിൽ  സമർപ്പിക്കണമെന്ന കേന്ദ്രകമ്മറ്റി നിർദ്ദേശം കഴിഞ്ഞ പി.ബിയിലും നടപ്പായില്ല. ആ പി.ബി യോഗത്തിൽ നടന്ന കാര്യങ്ങളാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രകാശ് കാരാട്ടിന്റെയും എസ് രാമചന്ദ്രൻ പിള്ളയുടെയും നേരിട്ടുള്ള നിരീക്ഷണത്തിൽ സീതാറാം യെച്ചൂരി വ്യാഴാഴ്ച  റിപ്പോർട്ടുചെയ്തത്.  അതേ അവസരത്തിലാണ് തിരുവനന്തപുരത്ത് യു.ഡി.എഫ് പൊതുസമ്മേളനത്തിൽ പതിവില്ലാത്ത യുക്തിഭദ്രതയോടെയും സമചിത്തതയോടെയും നിയുക്ത എ.ഐ.സി.സി പ്രസിഡന്റ് മേൽപ്പറഞ്ഞ ഗൗരവമായ രാഷ്ട്രീയചോദ്യം സി.പി.എം നേതൃത്വത്തിനുനേരെ ഉയർത്തിയത്. 
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബി.ജെ.പിയിൽനിന്നാണെന്ന് സി.പി.എം കരുതുന്നുണ്ടോ എന്നാണ് രാഹുൽഗാന്ധി ചോദിക്കുന്നത്. ബി.ജെ.പിക്കെതിരെ നിൽക്കുന്നില്ല എന്നാണെങ്കിൽ ബി.ജെ.പിയെ സഹായിക്കുന്നു എന്നാണ് അർത്ഥം. ഇക്കാര്യം സി.പി.ഐ.എം ദേശീയതലത്തിൽ വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 
യഥാർത്ഥത്തിൽ ഈ ചോദ്യം സി.പി. എം നേതൃത്വത്തോട് അതിന്റെ അണികൾ ആകെ ചോദിക്കേണ്ടതും അവർക്ക് വിശദീകരണം കിട്ടേണ്ടതുമാണ്.  അതിന് അടുത്ത ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് വരെ കാത്തിരിക്കണമെന്നും ഇപ്പോൾ അടവുനയത്തിന്റെ രണ്ടുവീതം കരടുകളിൽ നിലപാട് വേറിട്ട് കിടക്കുകയാണെന്നും പറയേണ്ടിവരുന്നത് സി.പി.എംപോലുള്ള ഒരു പാർട്ടിക്ക് അത് അപമാനകരമാണ്. 
കാരണം, വിഷയം കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലെയോ തെരഞ്ഞെടുപ്പ് മുന്നണികളെക്കുറിച്ചോ തെരഞ്ഞെടുപ്പ് ധാരണകളെക്കുറിച്ചോ അല്ല. ബി.ജെ.പിയെ അധികാരത്തിൽനിന്ന് എത്രയുംവേഗം ഇറക്കുന്നതിനുള്ള സംഘശക്തി എങ്ങനെ, എത്രവേഗം ജനങ്ങളെ അണിനിരത്തി രൂപപ്പെടുത്തും എന്ന രാഷ്ട്രീയനയം സംബന്ധിച്ചാണ്. മോഡി ഗവണ്മെന്റിന്റെ അപകടകരമായ നയങ്ങൾ തിരുത്തിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും സംഘ് പരിവാറിൽനിന്ന് വിവിധ വിഭാഗങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങൾ പ്രതിരോധിക്കാനുമാണ്.
മൂന്നുവർഷംമുമ്പ് വിശാഖപട്ടണത്തു നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് തീരുമാനിച്ചതാണ് ബി.ജെ.പിക്കെതിരെ എല്ലാ ജനാധിപത്യ ശക്തികളെയും യോജിപ്പിച്ച് വിശാലമായ ഒരു പ്രസ്ഥാനം രൂപപ്പെടുത്തണമെന്ന്. ഒരുവർഷത്തെ മോഡി ഭരണത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ. 
അതിനുശേഷം മൂന്നുവർഷങ്ങൾകൂടി കടന്നുപോയി. മറ്റൊരു കോൺഗ്രസ് ചേരുന്നതിന്റെ ഒരുക്കങ്ങളിലാണ് സി.പി.എം. എന്നിട്ടും  ബി.ജെ.പി വെല്ലുവിളിയെ നേരിടേണ്ട അടവുനയത്തിന് രൂപംകൊടുക്കാൻ ഏകീകരിച്ച ധാരണയിലെത്താൻ പാർട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.  ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പു കമ്മീഷനെപോലും പ്രധാനമന്ത്രി നേരിട്ടു ഭരിക്കുന്ന സ്ഥിതിയാണെന്ന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പോടെ വെളിപ്പെട്ടിട്ടും.   
രാഹുൽഗാന്ധിയുടെ കോൺഗ്രസിന്റെ രാഷ്ട്രീയത്തിൽനിന്ന് വ്യത്യസ്തമായ വർഗരാഷ്ട്രീയം പിന്തുടരുന്ന സി.പി.എമ്മിനെ വിരുദ്ധ ധ്രുവങ്ങളിലേക്കാണ്  ജനറൽ സെക്രട്ടറി യെച്ചൂരിയും മുൻ ജനറൽ സെക്രട്ടറി കാരാട്ടും നയപ്രശ്‌നത്തിൽ പിടിച്ചുവലിക്കുന്നത്. പാർട്ടി കോൺഗ്രസിനു ശേഷമുള്ള മൂന്നുവർഷത്തെ മോഡിഭരണം രാജ്യത്തെ എവിടെ എത്തിച്ചു എന്നതിന്റെ അനുഭവം സി.പി.എം നേതൃത്വത്തോട് മറ്റാരും വിശദീകരിക്കേണ്ടതില്ല.
എ.കെ.ജിയുടെ നാമധേയത്തിലുള്ള  സി.പി.ഐ.എം കേന്ദ്രകമ്മറ്റി ആഫീസിൽകയറി ജനറൽ സെക്രട്ടറി യെച്ചൂരിയെ കയ്യേറ്റംചെയ്ത ബി.ജെ.പി, സി.പി.എം ഓഫീസിനുനേരെ നിരന്തര പ്രതിഷേധറാലികൾ സംഘടിപ്പിച്ച ബി.ജെ.പി, അതിന്റെ അഖിലേന്ത്യാ അധ്യക്ഷന്റെ നേതൃത്വത്തിൽ സി.പി.എമ്മിനെ തുടച്ചുനീക്കാൻ കേരളത്തിൽ വൻ പടനീക്കം നടത്തിയ ബി.ജെ.പി, കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സി.പി.എം പ്രവർത്തകരുടെ ജീവനെടുത്ത ബി.ജെ.പി. ആ പാർട്ടിയും അതിനെ നയിക്കുന്ന സംഘ് പരിവാറുമായി സി.പി.എമ്മിന്റെ കേരളഘടകം ഒരു രാഷ്ട്രീയ വെടിനിർത്തലിൽ ഏർപ്പെട്ടതുപോലുള്ള വേറിട്ട ഒരു അന്തരീക്ഷം ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. 
ഫാഷിസ്റ്റ് നീക്കത്തിലേക്ക് രാജ്യത്തെ നയിക്കുന്ന മോഡിയെയും ബി.ജെ.പിയെയും മുഖ്യ ശത്രുവായിക്കണ്ട് എല്ലാ ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കുന്നതിൽ നേതൃത്വം കൊടുക്കേണ്ട രാഷ്ട്രീയ ബോധ്യം പുലർത്തിവന്ന പാർട്ടിയാണ് സി.പി.എം. അടിയന്തരാവസ്ഥ വരുന്നതിനുമുമ്പുള്ള ആ പാർട്ടിയുടെ കോൺഗ്രസ് അതിനുള്ള സാധ്യത മുൻകൂട്ടി കണ്ടിരുന്നു.  വൈകിയാണെങ്കിലും ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിൽ കോൺഗ്രസിന്റെ അമിതാധികാര നീക്കത്തിനെതിരെ സി.പി.എം അണിചേരാൻ വൈകിയത് തെറ്റായിപ്പോയെന്ന് പിന്നീട് ഏറ്റുപറഞ്ഞ പാർട്ടിയാണ് സി.പി.എം. അതിനു വേണ്ടത്ര വില അടിയന്തരാവസ്ഥയിൽ  കൊടുക്കേണ്ടിവരികയും ചെയ്തു.  
ചരിത്രം അതേപോലെയല്ലെങ്കിലും ആവർത്തിക്കപ്പെടുകതന്നെയാണ്. ബി.ജെ.പിയെ ഒറ്റയ്ക്കു നേരിടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കഴിഞ്ഞ പാർട്ടി കോൺഗ്രസ് വിപുലമായ ജനാധിപത്യ ശക്തികളെ അണിനിരത്താൻ ആവശ്യപ്പെട്ടതാണ്. ഇപ്പോൾ പാർട്ടി നേതൃത്വംതന്നെ രണ്ടായി പിളർന്നുനിൽക്കുന്ന അവസ്ഥയാണ്. കമ്മ്യൂണിസ്റ്റു പാർട്ടികൾ എക്കാലത്തും ഗൗരവമായ മുൻഗണന നൽകിപ്പോന്നത് ഫാഷിസത്തിനെതിരെ പൊരുതാൻ പരമാവധി ആളുകളെ അണിനിരത്തണമെന്നതിനാണ്. കോൺഗ്രസിനെപ്പോലൊരു മതനിരപേക്ഷ പാർട്ടിയെ മാറ്റിനിർത്തി ഫാഷിസത്തെ ഇന്ത്യയിൽ എതിർത്തു തോൽപിക്കാമെന്ന് സി.പി.എമ്മിന്റെ ഏതെങ്കിലും നേതാവിനോ അതിന്റെ പാർട്ടി കോൺഗ്രസിനു തന്നെയോ പറയാൻ സാധിക്കില്ല. എങ്കിൽ അവരെ ഭരിക്കുന്ന മാർക്‌സിസ്റ്റ് ആശയ ധാരണകൾക്ക് എന്തോ ഗുരുതര കുഴപ്പം പറ്റിയിട്ടുണ്ട് എന്നേ ഫാഷിസത്തിന്റെയും മാർക്‌സിസത്തിന്റെയും ചരിത്രം അറിയുന്നവർക്ക് കരുതാനാവൂ. 
കഴിഞ്ഞ മൂന്നുവർഷമായിട്ട് ബി.ജെ.പി ഭരണം ഉയർത്തുന്ന അതിജാഗ്രമായ, ഭീഷണമായ ഫാഷിസ്റ്റ് അജണ്ടകൾക്കും വെല്ലുവിളികൾക്കും എതിരെ ദേശീയതലത്തിൽ യോജിച്ച പ്രസ്ഥാനം രൂപപ്പെടുത്താൻ സി.പി.എമ്മിനോ അത് നേതൃത്വം നൽകുന്ന ഇടതുപാർട്ടികൾക്കോ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഗുജറാത്തിൽ ഇപ്പോൾ പൂർത്തിയായ തെരഞ്ഞെടുപ്പ് ബി.ജെ.പി ഫാഷിസത്തിനെതിരായ ഒരു യോജിച്ച ജനമുന്നേറ്റമായി മാറാതിരുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അവിടെ രൂപപ്പെടുത്തിയ തെരഞ്ഞെടുപ്പു ധാരണയുടെ ഫലം ഏതുനിലയ്ക്കു പുറത്തുവന്നാലും. 
കോൺഗ്രസുമായി തെരഞ്ഞെടുപ്പു ധാരണയോ സഖ്യമോ ഉണ്ടായിക്കൂടെന്ന് കഴിഞ്ഞ പാർട്ടികോൺഗ്രസിന്റെ തീരുമാനത്തിലുണ്ടെന്നു പറഞ്ഞാണ് ബി.ജെ.പിക്കെതിരായ വിശാലഐക്യത്തെ കേരളഘടകത്തിന്റെ മുൻകൈയിൽ സി.പി.എം നേതൃത്വത്തിൽ കാരാട്ടുപക്ഷം പൊളിക്കുന്നത്. രാഹുൽഗാന്ധി പറഞ്ഞതുപോലെ മോഡി ഗവണ്മെന്റിനെയും സംഘ് പരിവാറിനെയും പരോക്ഷമായി സഹായിച്ചുകൊണ്ടിരിക്കുന്നത്. 
കോൺഗ്രസുമായി തീണ്ടിക്കൂടെന്ന ഈ രാഷ്ട്രീയ കാഴ്ചപ്പാടും ചാരിത്ര്യശുദ്ധിയും സി.പി.എം എന്നുമുതലാണ് സ്വീകരിച്ചതെന്ന് രാഹുൽഗാന്ധി ചോദിക്കാതെവിട്ടതാണ് അത്ഭുതമായി തോന്നുന്നത്. 2004ലെ പൊതു തെരഞ്ഞെടുപ്പിനുമുമ്പു ചേർന്ന പാർട്ടി കോൺഗ്രസ് തീരുമാനിച്ചതും രാഷ്ട്രീയ അടവുനയമായി എഴുതിവെച്ചതും കോൺഗ്രസുമായി തെരഞ്ഞെടുപ്പു ധാരണയോ സഖ്യമോ ഉണ്ടാക്കരുതെന്നായിരുന്നു.  തെരഞ്ഞെടുപ്പു വേദികൾ പങ്കുവെക്കരുതെന്നും. പക്ഷെ, മറിച്ചാണ് പാർട്ടി ചെയ്തത്.  ആന്ധ്രപ്രദേശിൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവുമായി പാർട്ടി സീറ്റ് ചർച്ചകൾ നടത്തി. യോജിച്ച് തെരഞ്ഞെടുപ്പു പ്രചാരണം നടത്തി.  പാർട്ടി വേദികളിൽപോലും കോൺഗ്രസുമായി സംയുക്ത പ്രചാരണം നടത്തി. മറ്റു സംസ്ഥാനങ്ങളിൽ സഖ്യമുള്ള മുന്നണികളുമായി സീറ്റുവിഭജനം നടത്തുകയും യോജിച്ച പ്രചാരണം നടത്തുകയും ചെയ്തു. 
തെരഞ്ഞെടുപ്പു കഴിഞ്ഞ് യു.പി.എ ഗവണ്മെന്റിന് ഇടതുപാർട്ടികൾ പിന്തുണ നൽകി. പൊതു മിനിമം പരിപാടി രൂപപ്പെടുത്തി. പാർട്ടിയിൽനിന്ന് സ്പീക്കറെ സംഭാവന നൽകി. പുറത്തുനിന്നുള്ള പിന്തുണ മാത്രമെന്നു പറഞ്ഞ സി.പി.എം അകത്തുകയറി  യു.പി.എ യോഗങ്ങളിൽപോലും പങ്കെടുത്തു. അങ്ങനെ നാലുകൊല്ലത്തിലേറെ 'ഉത്തരവാദിത്വമില്ലാതെ' യു.പി.എ ഭരണത്തിന്റെ ആനുകൂല്യങ്ങൾ സി.പി.എം പറ്റി. അതിന്റെ വിശദാംശങ്ങൾ യെച്ചൂരിക്കും കാരാട്ടിനും അറിയുന്നതിനെക്കാൾ രാഹുൽഗാന്ധിക്കും മൻമോഹൻസിങിനും അറിയും.  അതുകൊണ്ടായിരിക്കണം സി.പി.എം നേതൃത്വം പരസ്പരം നയത്തിന്റെ പേരിൽ പോരടിക്കുമ്പോഴും കോൺഗ്രസിന്റെ നിയുക്ത അധ്യക്ഷൻ സംയമനം പാലിച്ചത്. 
എന്തുകൊണ്ടാണ് സി.പി.എം കേരളഘടകം ബി.ജെ.പിയെ രക്ഷപ്പെടുത്തുന്ന അടവുനയത്തിന് പിടിവാശി തുടരുന്നത് എന്ന് ഇതോടുചേർത്ത് പരിശോധിക്കേണ്ടിവരും. ഇത് വ്യക്തിപരമായ അഹംബോധമോ ബംഗാൾ ഘടകത്തിന്റെ സങ്കുചിത നിലപാടിനെ തിരുത്തുന്നതോ മാത്രമാണെന്ന് കരുതാനാവില്ല. അത്തരം ചില അംശങ്ങൾ ഉണ്ടാവാമെങ്കിലും കേരള ഘടകത്തിന് നരേന്ദ്രമോഡി ഗവണ്മെന്റിന്റെ പ്രീതിയും പ്രീണനവും സഹായവും അത്യാവശ്യമാണെന്ന നിഗൂഢമായ രാഷ്ട്രീയ പശ്ചാത്തലം ഇതിലുണ്ട്. അതിനുള്ള പ്രത്യുപകാരമായി ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ ഒരു വിശാല പ്രസ്ഥാനം രൂപപ്പെടുത്തുന്നതിനെ തളർത്തുകയാണ് കേരളഘടകം.  അതാണ് പരമമായ സത്യം.  രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് സി.പി.എം നേതൃത്വം കൃത്യമായി മറുപടി പറയുന്നതോടെ ഇക്കാര്യങ്ങൾകൂടി ഇനിയും വിശദമായി വെളിപ്പെടും. 
 

Latest News