Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശവംതീനികളാണോ മാധ്യമങ്ങൾ?

മാധ്യമങ്ങൾ അവരുടെ ജോലി ചെയ്യട്ടെ, വീഴ്ചകളെ അനുഭവങ്ങളിൽ നിന്ന് സ്വയം തിരുത്താനുള്ള ഉൾക്കരുത്ത് മാധ്യമങ്ങൾക്കുണ്ടല്ലോ. അവരെ അതിനു സൗമ്യമായും ഗുണകാംക്ഷയോടെയും പ്രേരിപ്പിക്കുകയുമാകാം. പകരം മുന കൂർത്ത വാക്കുകളാൽ വേട്ടയാടരുത്, ശവംതീനികളെന്നു വിളിക്കുകയേ അരുത്. കുറഞ്ഞപക്ഷം കേരളത്തിലെ മാധ്യമങ്ങളെങ്കിലും ഈ അപവാദം കേൾക്കാൻ ബാധ്യസ്ഥരല്ല.  


ഓഖി എന്ന് ബംഗ്ലാദേശ് പേരിട്ട ചുഴലിക്കൊടുങ്കാറ്റ് കേരളത്തെ പിടിച്ചു കുലുക്കി കടന്നുപോയിട്ട് രണ്ടാഴ്ച കഴിഞ്ഞു; കാറ്റും കാറ്റിനൊത്ത മഴയും. വെറും മഴയല്ല പേമാരി തന്നെ. പല തീരങ്ങളിൽ ഇപ്പോഴും മൃതദേഹങ്ങൾ വന്നടിഞ്ഞുകൊണ്ടിരിക്കുന്നു. മരണസംഖ്യ 54. പക്ഷേ, അത് അന്തിമമല്ല. ഇനിയും കാണാനുണ്ട് നിരവധിയാളുകളെ. തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ലക്ഷദ്വീപിലെയുമൊക്കെ തീരങ്ങളിൽ സുരക്ഷിതരായി എത്തിയവരിൽ വിഴിഞ്ഞത്തു നിന്നും പൂന്തുറയിൽ നിന്നും അടിമലത്തുറയിൽ നിന്നും കൊച്ചിയിൽ നിന്നും കോഴിക്കോട്ടു നിന്നുമൊക്കെ പോയവരുണ്ട് എന്നാണ് അറിവ്. 
അവരുടെ കൂട്ടത്തിൽ തങ്ങളുടെയാൾ ഉണ്ടോ എന്ന് ആകാംക്ഷയോടെ അന്വേഷിച്ച്, ഉണ്ടെന്ന് അറിയുമ്പോൾ ആശ്വസിച്ചും ഇല്ലെന്ന് അറിയുമ്പോൾ പൊട്ടിക്കരഞ്ഞുമാണ് തീരദേശവാസികളുടെ ഈ ദിവസങ്ങൾ കടന്നുപോകുന്നത്. ഏതോ തീരത്ത് സുരക്ഷിതരായി എത്തിപ്പെട്ടവരുടെ കൂട്ടത്തിൽ അവരുമുണ്ടാകണേ എന്ന പ്രാർത്ഥനയേക്കാൾ വലുതാണ് കടലിൽ ഒഴുകി നടക്കുന്ന മൃതദേഹങ്ങളെക്കുറിച്ച് അറിയുമ്പോൾ അത് അവരുടേതായിരിക്കരുതേ എന്ന പ്രാർത്ഥന. ദുരിതാശ്വാസ ക്യാമ്പ്, നഷ്ടപരിഹാര പ്രഖ്യാപനം. മുഖ്യമന്ത്രിയെ തടയൽ, പ്രതിരോധ മന്ത്രിയുടെ ആശ്വാസ വചനങ്ങൾ, കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ നിവേദനം, പള്ളികളിലെ പ്രാർത്ഥനാ ദിനാചരണം, സഭയുടെ രാജ്ഭവൻ മാർച്ച് തുടങ്ങി ഓരോന്നും നിശ്ചിത വഴികളിലൂടെയങ്ങ് നടന്നു. എല്ലാ ബഹളങ്ങൾക്കുമിടയിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ഓർമകളുടെ മൗനത്തിലാണ് ഓരോ തീരവും. 
നവംബർ 30ന് ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റും പെരുമഴയും അടങ്ങിയിട്ടും അലമുറകൾ നിശ്ശബ്ദ തേങ്ങലുകളിലേക്ക് പിന്മാറിയിട്ടും അടങ്ങാതെയും പിൻമാറാതെയും ചില കാര്യങ്ങളിൽ നിഷ്ഠയോടെ മുഴുകിയിരിക്കുന്ന ചിലരുണ്ട്. അതിൽ ഏറ്റവും പ്രധാനം മാധ്യമ വിമർശനമാകുന്നു. മാധ്യമങ്ങൾ ദുരന്തം ഉൽസവമാക്കി എന്നാണ് ആരോപണം. തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് തുടങ്ങിവച്ച കടന്നാക്രമണം പലരിലൂടെ പല തലങ്ങളിൽ തുടരുകയാണ്. ഓരോ വാർത്താ ബുള്ളറ്റിനിലും ടി വി ചാനലുകൾ അലമുറയിടുന്ന തീരദേശവാസികളുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്, പത്രങ്ങൾ ഓരോ ദിവസവും ഒന്നാം പേജിലും അകം പേജുകളിലും സമാനമായ വിവിധ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്, കദനകഥകളും വിലാപങ്ങളും അതേവിധം ലോകത്തെ കാണിച്ചത് തുടങ്ങി പലതും വിമർശകരെ പ്രകോപിപ്പിച്ചിരിക്കുന്നു. വിമർശകരെന്നു പറഞ്ഞാൽ കേരളത്തിലെ ഭരണപക്ഷം. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നേതാക്കൾക്കാണ് മാധ്യമങ്ങൾ ഇങ്ങനെയല്ല ദുരന്തങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്ന അഭിപ്രായവും റിപ്പോർട്ട് ചെയ്ത രീതിയെക്കുറിച്ച് വലിയ പരിഭവവുമുള്ളത്. പാടില്ല, കുട്ടികളേ, കുറച്ചുകൂടി ശ്രദ്ധ വേണം എന്ന ഉപദേശത്തിന്റെ രീതി മുതൽ ക്യാമറയുമായി ദുരന്ത സ്ഥലങ്ങളിൽ കറങ്ങി നടക്കുന്ന കഴുകന്മാരായി മാറരുത് നിങ്ങൾ എന്ന താക്കീത് വരെ പ്രതികരണങ്ങൾ പലവിധം. പാർട്ടി വാരികയുടെ പുതിയ ലക്കത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ എഴുതിയ വിമർശനം കവർ സ്‌റ്റോറിയാണ്. കേരളത്തിലെ അർണാബ് ഗോസാമിമാരെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത് എന്ന് കവറിൽ പറയുന്നുണ്ടെങ്കിലും ഉള്ളടക്കത്തിൽ അത്തരം വിശേഷണങ്ങളൊന്നുമില്ല. പക്ഷേ, സംഗതി രൂക്ഷമാണുതാനും. ആദ്യഘട്ടത്തിൽ ദുരന്തത്തെക്കുറിച്ച് വസ്തുതാപരമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുകയും സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും മറ്റും ജനങ്ങളെ അറിയിക്കുകയും ചെയ്യുന്ന രീതിയായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത് എന്ന് അദ്ദേഹം പറയുന്നു. ദേശീയ തലത്തിലും ആഗോള തലത്തിലും വലിയ വാർത്താപ്രാധാന്യം നേടിയ വൻ ദുരന്തങ്ങൾ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി മുമ്പ് വിമർശിക്കപ്പെട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
ശരി, കാര്യങ്ങളൊക്കെ അംഗീകരിക്കുന്നു. ചാനലുകളും പത്രങ്ങളും ദിനേന സ്‌കൂൾ കലോൽസവത്തിലെ വിവിധ സ്‌റ്റേജുകളിൽ നിന്നുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത് എന്ന വിമർശനത്തെ മുഖവിലയ്ക്കു തന്നെ എടുക്കുന്നു. രണ്ടേ രണ്ടു ചോദ്യങ്ങൾ മാത്രമാണ് അതുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്ക് ചോദിക്കാനുള്ളത്. അതിനു മുമ്പേ പറയട്ടെ, മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിക്കേണ്ട സന്ദർഭങ്ങളുണ്ട് എന്നതിലും ദുരന്ത ബാധിത മേഖലകളിൽ നിന്നുള്ള വസ്തുതാപരമായ വിവരങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രാധാന്യം എന്നതിലും ഈ ലേഖകനു സംശയമില്ല. മാധ്യമങ്ങൾക്കുള്ളിലും മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മകളിലും അനൗപചാരികമായെങ്കിലും അത്തരം ചർച്ചകൾ നടക്കുന്നുമുണ്ട്. പക്ഷേ, അപ്പോഴും ആ രണ്ട് ചോദ്യങ്ങൾ ചോദിക്കാതെ പോകാൻ വയ്യ.
ഒന്നാമത്തെ ചോദ്യം പല ഉപചോദ്യങ്ങൾ ഉൾപ്പെട്ടതാണ്: ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ ദുരന്ത ചിത്രങ്ങളും ദൃശ്യങ്ങളും മറച്ചുവെയ്ക്കണോ, വിലാപങ്ങൾ കേട്ടില്ലെന്നു നടിക്കണോ, പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ഉള്ളുലഞ്ഞ് കരയുകയും ആ ഉലച്ചിലിന്റെ ഒരു ഘട്ടത്തിൽ ഭരണാധികാരികളോട് ക്ഷോഭിച്ചു പോവുകയും ചെയ്യുന്നവരെ അവഗണിക്കണോ, ദുരിതാശ്വാസ ക്യാമ്പുകളിലെ അസൗകര്യങ്ങളെ ലക്ഷുറിയെന്ന് പറയുകയും എഴുതുകയും ചെയ്യണോ? രണ്ടാമത്തെ ചോദ്യം: ഇതാദ്യമാണോ കേരളത്തിൽ ദുരന്തങ്ങളുടെ തൽസമയ വിവരങ്ങൾ ജനങ്ങളെ സങ്കടപ്പെടുത്തുകയും രോഷം കൊള്ളിക്കുകയും ചെയ്യുന്ന വിധം മാധ്യമങ്ങൾ പുറത്തു വിടുന്നത്? 
അല്ലെന്നുറപ്പാണല്ലോ. എത്രയെത്ര പ്രകൃതിക്ഷോഭങ്ങൾ, ഉരുൾപൊട്ടലുകൾ, കടലാക്രമണങ്ങൾ, നിരവധിയാളുകൾ മരിച്ച തീവണ്ടി അപകടങ്ങൾ, മറ്റ് വാഹനാപകടങ്ങൾ അവയുടെ എല്ലാ തീവ്രതയോടെയും മാധ്യമങ്ങൾ അപ്പപ്പോൾത്തന്നെ പുറത്തുകൊണ്ടിവന്നിരിക്കുന്നു. പത്രങ്ങൾക്കു പുറമെ ടി വി ചാനലുകൾ കൂടി മാധ്യമ രംഗത്തെ പ്രധാന സാന്നിധ്യമായി മാറി എന്നതും വായനക്കാർ മാത്രമല്ല പ്രേക്ഷകർ കൂടിയായി ജനം മാറി എന്നതുമല്ലേ വ്യത്യാസമുള്ളൂ. ഓരോ ദുരന്ത മുഖത്തുനിന്നും പുലർച്ചെ കണ്മുന്നിൽ എത്തുന്ന വാർത്തകളും ചിത്രങ്ങളും കണ്ട് വായനക്കാരോ ഭരണാധികാരികളോ മാധ്യമങ്ങളെ കഴുകന്മാർ എന്ന് വിളിച്ചതായി അറിവില്ല. മാത്രമല്ല, ആ വിവരങ്ങൾ ദുരന്ത ബാധിതർക്ക് ആശ്വാസമെത്തിക്കാനുള്ള പ്രേരണയായി മാറിയിട്ടുമുണ്ട് പലപ്പോഴും; അപകടങ്ങളിൽപ്പെട്ടവരെ വിദൂര ദേശങ്ങളിലുള്ള ബന്ധുക്കൾക്ക് തിരിച്ചറിയാനും സഹായിച്ചിട്ടുണ്ട് മാധ്യമങ്ങളുടെ ഇടപെടലുകൾ. ഉരുൾപൊട്ടലിന്റെ ദുരന്ത മുഖത്ത് ജീവൻ നഷ്ടപ്പെട്ട പ്രസ് ഫോട്ടോഗ്രഫർ വിക്ടർ ജോർജിനെ മറക്കുകയുമില്ല കേരളം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കേ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവും ആക്കുകയും ഭാവിയിലെങ്കിലും മുന്നറിയിപ്പുകളെ മുന്നറിയിപ്പുകളായി മനസ്സിലാക്കാൻ പ്രാപ്തിയുള്ളവരെ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ തലപ്പത്ത് നിയോഗിക്കുകയും ദുരന്ത ബാധിതരുടെ ക്ഷോഭപ്രകടനങ്ങളെ സ്വാഭാവിക പ്രതികരണങ്ങളായിക്കണ്ട് അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്നതിനു പകരം മാധ്യമങ്ങളുടെ മേൽ കുറ്റം ചുമത്തി വിചാരണക്കൂട് ഒരുക്കുന്നത് എത്രത്തോളം ശരിയായ രീതിയാണ്. മാധ്യമങ്ങൾ അവരുടെ ജോലി ചെയ്യട്ടെ, വീഴ്ചകളെ അനുഭവങ്ങളിൽ നിന്ന് സ്വയം തിരുത്താനുള്ള ഉൾക്കരുത്ത് മാധ്യമങ്ങൾക്കുണ്ടല്ലോ. അവരെ അതിനു സൗമ്യമായും ഗുണകാംക്ഷയോടെയും പ്രേരിപ്പിക്കുകയുമാകാം. പകരം മുന കൂർത്ത വാക്കുകളാൽ വേട്ടയാടരുത്, ശവംതീനികളെന്നു വിളിക്കുകയേ അരുത്. കുറഞ്ഞ പക്ഷം കേരളത്തിലെ മാധ്യമങ്ങളെങ്കിലും ഈ അപവാദം കേൾക്കാൻ ബാധ്യസ്ഥരല്ല. വർഗീയ കലാപ രംഗങ്ങളിൽ ഏതെങ്കിലും വിഭാഗത്തിനെതിരേ കള്ളക്കഥകൾ പ്രചരിപ്പിച്ച് ശവക്കൂനകൾക്ക് വലിപ്പം കൂട്ടാൻ കാരണക്കാരായ ചരിത്രമുള്ള മാധ്യമങ്ങളെക്കുറിച്ച് ചിലപ്പോഴെങ്കിലും കേട്ടിട്ടുണ്ട്; അതുപക്ഷേ കേരളത്തിലല്ല. അപൂർവമായുള്ള പ്രതിലോമ ശബ്ദങ്ങളെ ഒറ്റപ്പെടുത്തുന്ന സാമൂഹിക പ്രതിബദ്ധതയുടെ വലിയ ദൗത്യവും നിർവഹിക്കാറുണ്ട് മലയാള മാധ്യമങ്ങൾ. അതൊക്കെ മറന്ന് പുതിയ പേരുകൾ ചാപ്പ കുത്തുന്നത് അവിവേകമാണ്; സമൂഹത്തിന്റെ അറിയാനുള്ള അവകാശത്തോട് ചെയ്യുന്ന അനീതിയും. അരുത്. 
 

Latest News