ട്രാഫിക് നിയമം സ്ത്രീ-പുരുഷ ഭേദമന്യേ നടപ്പാക്കും
വിദേശ ലൈസന്‍സുള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ
ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ല
റിയാദ് - സൗദിയില്‍ ലോറികളും ബൈക്കുകളും ഓടിക്കാന്‍ വനിതകളെ അനുവദിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ട്രാഫിക് നിയമം സ്ത്രീ-പുരുഷ ഭേദമന്യേ നടപ്പാക്കാനാണ് രാജകല്‍പന. ലോറികള്‍ ഓടിക്കാന്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ മാത്രമേ സ്ത്രീകള്‍ക്കും ഉണ്ടാകുകയുള്ളൂ. ബൈക്കുകള്‍ ഓടിക്കുന്നതിനും വനിതകളെ അനുവദിക്കും. പ്രൈവറ്റ് (ഖുസൂസി) ലൈസന്‍സ് ലഭിക്കുന്നതിനും ബൈക്ക് ലൈസന്‍സ് ലഭിക്കുന്നതിനും 18 വയസ് പൂര്‍ത്തിയാകണമെന്ന് വ്യവസ്ഥയുണ്ട്. ടാക്‌സികളും ഹെവി വാഹനങ്ങളും ഓടിക്കുന്നതിനുള്ള ഉമൂമി ലൈസന്‍സ് അപേക്ഷകര്‍ ഇരുപത് വയസ് പൂര്‍ത്തിയായവര്‍ ആയിരിക്കണം. 17 വയസ്സ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും.
ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ഉടമകളുടെ ഫോട്ടോകള്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ വ്യവസ്ഥകള്‍ തന്നെയായിരിക്കും വനിതകള്‍ക്കും ബാധകം. വനിതകളുടെ ഡ്രൈവിംഗ് ലൈസന്‍സുകളിലും ഫോട്ടോകള്‍ ഉള്‍പ്പെടുത്തും.
വനിതകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും നിലവിലുള്ള നമ്പര്‍ പ്ലേറ്റ് നിയമം തന്നെയാകും ബാധകം. വനിതകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ നല്‍കില്ല.
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിക്കും. വിദേശ ലൈസന്‍സ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണം. വിദേശ, അന്താരാഷ്ട്ര ലൈസന്‍സുകള്‍ ഉപയോഗിച്ച് വിദേശ വനിതാ സന്ദര്‍ശകര്‍ക്ക് സൗദിയില്‍ വാഹനങ്ങള്‍ ഓടിക്കാവുന്നതാണ്.
സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ ആണ് ഇത്തരക്കാരെ സൗദി ലൈസന്‍സില്ലാതെ വാഹനമോടിക്കാന്‍ അനുവദിക്കുക.
കസ്റ്റഡിയിലെടുക്കേണ്ട ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തുന്ന വനിതാ ഡ്രൈവര്‍മാരെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ അഭയകേന്ദ്രങ്ങളിലാണ് പാര്‍പ്പിക്കുക. വനിതാ ഡ്രൈവര്‍മാരെ വിദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് വിസകള്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നിയമ, വ്യവസ്ഥകള്‍ ബാധകമായിരിക്കും.