മക്ക - നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 399 ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ പിടിയിലായി. സ്ത്രീകളും കുട്ടികളും അടക്കമുള്ള ആഫ്രിക്കക്കാരാണ് പിടിയിലായവരില്‍ കൂടുതലും.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് സുരക്ഷാ വകുപ്പുകള്‍ പരിശോധന ആരംഭിച്ചത്. റെയ്ഡിനു മുന്നോടിയായി മക്ക പോലീസ് മേധാവി ബ്രിഗേഡിയര്‍ ഫഹദ് അല്‍ഉസൈമിയുടെ നേതൃത്വത്തില്‍ സുരക്ഷാ വകുപ്പുകള്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തുകയും റെയ്ഡ് നടത്തേണ്ട ഡിസ്ട്രിക്ടുകള്‍ നിര്‍ണയിക്കുകയും ചെയ്തിരുന്നു.
അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡിനിടെ ഏതാനും ക്രിമിനല്‍ കേസ് പ്രതികളും അറസ്റ്റിലായി. ശിക്ഷാ നടപടികള്‍ സ്വീകരിച്ച് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ശുമൈസി ഡീപോര്‍ട്ടേഷന്‍ സെന്ററിന് കൈമാറി. പൊതുമാപ്പ് അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ സൗദിയിലെങ്ങും സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ രണ്ടു ലക്ഷത്തിലേറെ ഇഖാമ, തൊഴില്‍ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരും പിടിയിലായിട്ടുണ്ട്.