തൃശൂർ - അവിണിശേരിയിൽ കോൺഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണത്താൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പദവി രണ്ട് തവണയായി രാജിവെച്ച സി.പി.എമ്മിന്റെ രാജിക്കളിക്ക് കനത്ത തിരിച്ചടി.
പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടു. പ്രസിഡന്റായി ബി.ജെ.പിയിലെ ഹരി സി നരേന്ദ്രനെയും വൈസ് പ്രസിഡന്റായി ഗീത സുകുമാരനെയും ഹൈക്കോടതി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ വലിയ ഒറ്റക്കക്ഷിയാണെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബി.ജെ.പിക്കുണ്ടായിരുന്നില്ല. ബി.ജെ.പി ആറ്, എൽ.ഡി.എഫ് അഞ്ച്, യു.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ രണ്ട് തവണയും പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വോട്ട് ഇടതുമുന്നണിക്ക് ചെയ്യുകയായിരുന്നു. എന്നാൽ രണ്ട് തവണയും കോൺഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ രാജിവെക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചത് ഹരി സി. നരേന്ദ്രനായിരുന്നു. ആദ്യ തവണ രാജിവെച്ചപ്പോൾ പഞ്ചായത്തിലെ മുതിർന്ന അംഗത്തിന് ചുമതല നൽകിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാം തെരഞ്ഞെടുപ്പിന് നിർദേശം നൽകിയത്. ഇതും രാജിവെച്ചതോടെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായ ബി.ജെ.പിയിലെ സൂര്യഷോബിയായിരുന്നു ഭരണച്ചുമതല നിർവഹിച്ചിരുന്നത്. രാജിനാടകം പഞ്ചായത്തിൽ ഭരണസ്തംഭനമുണ്ടാക്കുന്നുവെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരിയും ഗീതയും ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരായി പ്രഖ്യാപിക്കണമെന്ന് ഇരുവരും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രാജി നാടകത്തെ കോടതി നിശിതമായി വിമർശിച്ചാണ് ബി.ജെ.പി പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ച് ഹരിയെ പഞ്ചായത്ത് പ്രസിഡന്റായും ഗീതയെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചത്.
അതേസമയം ഈ മാസം 20 നാണ് അവിണിശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്.
ഹൈക്കോടതി ഉത്തരവിന്റെ പകർപ്പും ഇലക്ഷൻ കമ്മീഷനിൽ നിന്നുള്ള നിർദേശവും പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കേണ്ടതുണ്ട്. ഇതു രണ്ടും ലഭിച്ചിട്ടില്ല.