തിരുവനന്തപുരം- കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. സ്വകാര്യ ചടങ്ങുകള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 150 പേര്‍ക്കും ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കും പങ്കെടുക്കാം. ഇത് കര്‍ശനമായി നടപ്പാക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഇന്ന് വീണ്ടും പതിനായിരം കടന്നത് വലിയ ആശങ്കകള്‍ക്കാണ് വഴിവച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷം. രണ്ട് ജില്ലകളിലും പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നിരുന്നു. എറണാകുളം ജില്ലയില്‍ 2187 ഉം കോഴിക്കോട് 1504 ഉം ആണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം.