മദീന - ഉംറയും സിയാറത്തും പുനരാരംഭിക്കാന്‍ അനുമതി നല്‍കിയ ശേഷം ഇതുവരെ പതിനഞ്ചു ലക്ഷത്തിലേറെ പേര്‍ മസ്ജിദുന്നബവിയില്‍ റൗദ ശരീഫില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തുകയും ചെയ്തതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പൂര്‍ണമായും പാലിച്ചാണ് മസ്ജിദുന്നബവികാര്യ വകുപ്പ് റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും സിയാറത്തിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആപ്പ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ് നിശ്ചയിക്കുന്നതു പ്രകാരമാണ് റൗദ ശരീഫിലേക്കുള്ള പ്രവേശനവും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിലെ സിയാറത്തും ക്രമീകരിക്കുന്നത്.
ഒത്തുചേരല്‍ കേന്ദ്രങ്ങളിലെത്തുന്ന വിശ്വാസികളുടെ ശരീര ഊഷ്മാവ് സോര്‍ട്ട് പോയിന്റുകളില്‍ പരിശോധിക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്യും. ഇതിനു ശേഷം പാദരക്ഷകള്‍ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കീസ് കൈമാറും. തുടര്‍ന്ന് റൗദയില്‍ നമസ്‌കാരം നിര്‍വഹിക്കാനും സിയാറത്തിനും മതിയായ സമയം അനുവദിക്കുകയും തണുപ്പിച്ച സംസം ബോട്ടില്‍ സമ്മാനിക്കുകയും ചെയ്യും. വിശ്വാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പുവരുത്തുന്നതിന്, ഓരോ ഗ്രൂപ്പും റൗദയില്‍ നമസ്‌കാരവും സിയാറത്തും പൂര്‍ത്തിയാക്കിയ ശേഷം അണുനശീകരണ ജോലികള്‍ നടത്തി പ്രദേശം പഴയപടി സജ്ജീകരിക്കുന്നുവെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് പറഞ്ഞു.