തിരുവനന്തപുരം- കോവിഡ് വ്യാപനത്തിൽ സംസ്ഥാനം ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വേവ് തകർക്കാനുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചതെന്നും കോവിഡിന്റെ പീക്ക് ഡിലേ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ വ്യാപനം കുറക്കാനാണ് ക്രഷിംഗ് ദ കർവ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതാണ്. കൂട്ടപരിശോധനകളിൽ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമാണ്. രോഗലക്ഷണമില്ലാത്തവരെ ഹോം ഐസൊലേഷനിൽ കഴിയാൻ അനുവദിക്കുന്നതാണ്. എന്നാൽ മുറിയിൽ തന്നെ ടോയിലറ്റ് സൗകര്യം ഇല്ലാത്തവരെ പഞ്ചായത്തിന്റെ സഹായത്തോടെ ഡൊമിസെയിൽ കെയർ സെന്ററുകളിൽ പാർപ്പിക്കുന്നതാണ്. ചെറിയ രോഗലക്ഷണമുള്ളവരെ സിഎഫ്എൽടിസികളിലും സിഎസ്എൽടിസികളിലും ഗുരുതര രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലും ചികിത്സിക്കുന്നതാണ്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മരണനിരക്ക് വളരെ കൂടിയപ്പോഴും കേരളത്തിലെ മരണനിരക്ക് ഇപ്പോഴും 0.4 ശതമാനം മാത്രമാണ്. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് പിടിച്ചു നിർത്താൻ ശക്തമായ നടപടികൾ ആവശ്യമാണ്. കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വളരെ കൃത്യമായ പ്ലാനോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിരന്തരം കാര്യങ്ങൾ വിലയിരുത്തി വരുന്നു. കൃത്യമായി പ്രവർത്തിച്ചാൽ നമുക്ക് വീണ്ടും രോഗവ്യാപനം കുറച്ചുകൊണ്ടുവരാൻ സാധിക്കും. തൃശൂർ പൂരം ആകെ നിഷേധിക്കാനാവില്ല. തൃശൂർ പൂരത്തിന് കോവഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.