യു.എന്‍ റിപ്പോര്‍ട്ട് സൗദി അറേബ്യ സ്വാഗതം ചെയ്തു
റിയാദ് - ഹൂത്തികള്‍ക്കുള്ള ഇറാന്‍ പിന്തുണയെ അപലപിക്കുന്ന യു.എന്‍ റിപ്പോര്‍ട്ട് സൗദി അറേബ്യ സ്വാഗതം ചെയ്തു. യെമനിലെ ഇറാന്‍ ഇടപെടലുകളും നവീന മിസൈലുകള്‍ നല്‍കി ഹൂത്തികളെ സഹായിക്കുന്നതും സൗദി അറേബ്യയുടെയും മേഖലയുടെയും സുരക്ഷാ ഭദ്രതക്ക് ഗുരുതര ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
ഇറാന്റെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതായി യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ വെളിപ്പെടുത്തിയ അമേരിക്കന്‍ നിലപാടിനെയും സൗദി സ്വാഗതം ചെയ്തു.
ഹൂത്തികള്‍ ഉപയോഗിച്ച ഇറാന്‍ നിര്‍മിത മിസൈല്‍ ഭാഗങ്ങള്‍ അടക്കം, അന്താരാഷ്ട്ര തീരുമാനങ്ങള്‍ ഇറാന്‍ ലംഘിക്കുന്നതിനുള്ള ശക്തമായ തെളിവുകള്‍ യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം റിയാദിനു നേരെ ആക്രമണം നടത്താന്‍ ഹൂത്തികള്‍ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈല്‍ ഇറാന്‍ നിര്‍മിതമാണെന്ന് നിക്കി ഹാലി പറഞ്ഞു. ഇറാനില്‍ നിര്‍മിച്ച മിസൈല്‍ യെമനിലെ ഹൂത്തികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. റിയാദ് എയര്‍പോര്‍ട്ടിനു നേരെ ആക്രമണം നടത്തുന്നതിനാണ് ഈ മിസൈല്‍ ഉപയോഗിച്ചത്. ഇത് ലക്ഷ്യം കണ്ടിരുന്നെങ്കില്‍ നൂറു കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുമായിരുന്നു. യെമനിലേക്ക് ആയുധം കയറ്റി അയക്കുന്നതും ഭീകരതക്ക് പിന്തുണ നല്‍കുന്നതും വിലക്കുന്ന യു.എന്‍ രക്ഷാസമിതി 2231-ാം നമ്പര്‍ പ്രമേയം ഇറാന്‍ ലംഘിക്കുകയാണെന്നും നിക്കി ഹാലി പറഞ്ഞു.
നിയമാനുസൃത ഭരണകൂടത്തെ അട്ടിമറിക്കുന്നതിനും ഭരണകൂട സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിനും ജനങ്ങളെ അടിച്ചമര്‍ത്തുന്നതിനും റിലീഫ് വസ്തുക്കള്‍ അടക്കമുള്ള യെമനികളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതിനും ഇറാന്‍ ഹൂത്തി മിലീഷ്യകള്‍ക്ക് സഹായം നല്‍കുകയാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് യെമനിലേക്കുള്ള പെട്രോള്‍ ഹൂത്തികള്‍ തട്ടിയെടുക്കുകയാണ്. അന്താരാഷ്ട്ര കപ്പല്‍ പാതകള്‍ക്ക് ഹൂത്തികള്‍ ഭീഷണി സൃഷ്ടിക്കുന്നു. സൗദി അറേബ്യക്കു നേരെ ആക്രമണം നടത്തുകയും ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ പിന്തുണയോടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്യുന്നു. ഇത് യു.എന്‍ രക്ഷാ സമിതി 2216, 2231 നമ്പര്‍ പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണ്. ഹൂത്തികള്‍ക്കുള്ള ഇറാന്‍ സഹായം യെമന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനുള്ള രാഷ്ട്രീയ പ്രക്രിയ തടസ്സപ്പെടുത്തുകയും സംഘര്‍ഷം നീട്ടിക്കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്.
ലെബനോനില്‍ ഗവണ്‍മെന്റിന് പുറത്തുള്ള ഒരു മിലീഷ്യയെയും ആയുധമണിയിക്കുന്നതിന് പാടില്ല എന്ന് അനുശാസിക്കുന്ന യു.എന്‍ രക്ഷാ സമിതി 1559, 1701 പ്രമേയങ്ങളും ഇറാന്‍ നഗ്നമായി ലംഘിക്കുന്നു. രക്ഷാ സമിതി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന്‍ ഭരണകൂടത്തോട് കണക്കുചോദിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം സത്വര നടപടികള്‍ സ്വീകരിക്കണം. യെമനിലേക്കുള്ള ആയുധ കടത്ത് തടയുന്നതിന് യു.എന്‍ പരിശോധനാ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കണം. യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യു.എന്‍ ദൂതന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും യെമന്‍ ജനതയുടെ ദുരിതമകറ്റുന്നതിനുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.
മേഖലയില്‍ ഇറാന്റെ ഇടപെടലുകള്‍ തുറന്നുകാട്ടുന്ന യു.എന്‍ റിപ്പോര്‍ട്ടിനെ ബഹ്‌റൈനും യു.എ.ഇയും സ്വാഗതം ചെയ്തു. ബഹ്‌റൈനില്‍ ഭീകര ഗ്രൂപ്പുകള്‍ സ്ഥാപിക്കുകയും ഭീകരര്‍ക്ക് ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കുകയും ചെയ്യുന്നതിലൂടെ യു.എന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമങ്ങളും മാനിക്കുന്നില്ല എന്നാണ് ഇറാന്‍ വ്യക്തമാക്കുന്നതെന്ന് ബഹ്‌റൈന്‍ പറഞ്ഞു. ഇറാന്‍ സൃഷ്ടിക്കുന്ന ഭീഷണികള്‍ കൂടുതല്‍ ശക്തമായി ചെറുക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് യു.എ.ഇ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. യു.എന്‍ തീരുമാനങ്ങള്‍ പാലിക്കുന്നതിന് ഇറാനു മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യു.എ.ഇ ഒരുക്കമാണെന്നും വിദേശ മന്ത്രാലയം പറഞ്ഞു.