തിരുവനന്തപുരം- കേന്ദ്രനേതൃത്വത്തിന്റെ ഹിതമല്ല കേരളത്തിലെ സി.പി.എമ്മിൽ നടക്കുകയെന്നും ഇവിടെ തന്റെ ഹിതമാണ് നടക്കുകയെന്നും പിണറായി വിജയൻ ഒരുവട്ടം കൂടി തെളിയിച്ചു. അതാണ് കെ.കെ.രാഗേഷിനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കണമെന്ന പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യത്തിന് പുല്ലുവില കല്പിച്ചത്. കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം തള്ളിക്കൊണ്ടാണ് രാഗേഷിനെ രാജ്യസഭാ സ്ഥാനാർഥിയാക്കാതിരുന്നത്. മുഖ്യമന്ത്രിക്ക് രാഗേഷിനോടുള്ള കടുത്ത നീരസമാണ് ഇതിന് കാരണം. പി.ജയരാജനുമായുള്ള രാഗേഷിന്റെ അടുപ്പമാണ് രാഗേഷിനെ രാജ്യസഭയിലേക്ക് അയയ്‌ക്കേണ്ടന്ന തീരുമാനം കൈക്കൊള്ളാൻ കാരണമെന്ന് വ്യക്തം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചു വിജയിച്ച ഒന്നിൽകൂടുതൽ ടേം എന്ന സിദ്ധാന്തമാണ് ഇവിടെയും പ്രയോഗിച്ചത്. എ.വിജയരാഘവനും എം.എ.ബേബിക്കും, എസ്.രാമചന്ദ്രൻപിള്ളയ്ക്കുമില്ലാതിരുന്നതാണ് ഇത്.
പാർട്ടി ചുമതലയുള്ളയാളെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. ഇതനുസരിച്ച് രാഗേഷിനെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന നേതൃത്വം നീക്കം നടത്തുന്നതിനിടയിലാണ് പിണറായിയുടെ കടുംവെട്ട്. തനിക്ക് താല്പര്യമുള്ള രണ്ടുപേരെ രാജ്യസഭയിലേക്ക് അയക്കാൻ പിണറായിക്ക് സാധിച്ചു. പിണറായി വിജയന്റെ മുൻ മാധ്യമ ഉപദേഷ്ടാവുകൂടിയായ ജോൺ ബ്രിട്ടാസിനെ സ്ഥാനാർഥിയാക്കണമെന്നത് പിണറായിയുടെ നിർദ്ദേശമായിരുന്നു. കോടിയേരി ബാലകൃഷണനും ഇതിന് പിന്തുണ നൽകി. കണ്ണൂരിൽ തനിക്കെതിരെ ഉയരുന്ന എതിർശബ്ദത്തെ നിർവീര്യമാക്കാൻ കോടിയേരി ബാലകൃഷ്ണനെയാണ് പിണറായി വിജയൻ ഇപ്പോൾ ഉപയോഗിക്കുന്നത്. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ കോടിയേരിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവരുമെന്ന ഉറപ്പാണ് ഇതിന് പിന്നിൽ. ബ്രിട്ടാസ് വന്നതോടെ രാഗേഷ് പടിക്ക് പുറത്തായി.
കൊടും തണുപ്പിലും ദൽഹിയിൽ നടന്ന കർഷക സമരത്തിൽ നിരവധി ദിവസം രാഗേഷ് പങ്കെടുത്തിരുന്നു. പാർട്ടി കേന്ദ്രനേതൃത്വം ഇതിന് പിന്തുണയും നൽകി. രാജ്യസഭയിൽ സി.പി.എമ്മിന് വേണ്ടി സംസാരിക്കാൻ രാഗേഷ് എപ്പോഴും ഉണ്ടായിരുന്നു. ഇതൊന്നും രണ്ടാമത് ഒരുവട്ടം കൂടി അനുവദിക്കുന്നതിന് സ്വീകാര്യമായില്ല. സിപിഎം സഹയാത്രികനായ ചെറിയാൻ ഫിലിപ്പിനെ സ്ഥാനാർഥിയാക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ ചെറിയാനും ആരോ തടയിടുകയായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റിൽ പിണറായി പറയുന്നതിനെതിരെ മിണ്ടാൻ ആരുമില്ലാത്ത സ്ഥിതിയാണ്. പിണറായി പങ്കെടുക്കാത്ത സെക്രട്ടേറിയറ്റിൽ അദ്ദേഹം തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ തുടർഭരണമുണ്ടായാൽ പാർട്ടിയും ഭരണവും പിണറായി വിജയന്റെ കൈയിൽ തുടരും. മറിച്ചായാൽ പാർട്ടിയിൽ ഉരുണ്ടുകൂടിയിരിക്കുന്ന ആഭ്യന്തരപ്രശ്‌നങ്ങൾ വരാനിരിക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ പൊട്ടിത്തെറിക്കുക തന്നെ ചെയ്യും.