റിയാദ് - സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ കൊല്ലം നേരിയ തോതില്‍ കുറഞ്ഞു. വീട്ടുവേലക്കാരുടെ എണ്ണത്തില്‍ 26,800 ഓളം പേരുടെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 36.6 ലക്ഷം ഗാര്‍ഹിക തൊഴിലാളികളുണ്ട്. 2019 അവസാനത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ 36.9 ലക്ഷമായിരുന്നു. വേലക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 0.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം നാലു ശതമാനം തോതില്‍ കുറഞ്ഞതാണ് കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക തൊഴിലാളികളുടെ മൊത്തത്തിലുള്ള എണ്ണത്തെ ബാധിച്ചത്. കഴിഞ്ഞ വര്‍ഷം ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ 82,770 ഓളം പേരുടെ കുറവ് രേഖപ്പെടുത്തി. ഗാര്‍ഡുമാരുടെ (ഹാരിസ്) എണ്ണം 47 ശതമാനം തോതിലും കഴിഞ്ഞ കൊല്ലം കുറഞ്ഞു. ഹാരിസുമാരുടെ എണ്ണത്തില്‍ 25,790 ഓളം പേരുടെ കുറവ് രേഖപ്പെടുത്തി.
2019 ല്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 50 ശതമാനം തോതില്‍ വര്‍ധിച്ചിരുന്നു. 2018 അവസാനത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ 24.5 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം ഗാര്‍ഹിക തൊഴിലാളികളില്‍ 52.9 ശതമാനവും ഹൗസ് ഡ്രൈവര്‍മാരാണ്. 19.4 ലക്ഷം ഹൗസ് ഡ്രൈവര്‍മാരാണ് രാജ്യത്തുള്ളത്. ഗാര്‍ഹിക തൊഴിലാളികളില്‍ 44.6 ശതമാനം വേലക്കാരാണ്. ഈ ഗണത്തില്‍ പെട്ട 16.3 ലക്ഷം തൊഴിലാളികളുണ്ട്.