കണ്ണൂർ- പ്രതിഷേധം ശക്തമായതിനെ തുടർന്ന് കണ്ണൂർ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോർഡ് നീക്കി. ഉത്സവ സമയത്ത് മുസ്‌ലിംകൾക്ക് ക്ഷേത്ര വളപ്പിൽ പ്രവേശനമില്ലെന്ന് എഴുതിയ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ ബോർഡാണ് നീക്കിയത്. ബോർഡ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് ഉത്സവ പറമ്പിൽ നിന്നും വിവാദ ബോർഡ് എടുത്ത് മാറ്റിയത്. ഏപ്രിൽ 14 മുതൽ ഒരാഴ്ചയാണ് കാവിൽ വിഷുവിളക്ക് ഉത്സവം നടക്കുന്നത്.ഒരു പതിറ്റാണ്ട് മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് മുസ്‌ലിം സമുദായത്തിൽ പെട്ടവർക്ക് ഉത്സവത്തിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നത്രെ. ഇതിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നെങ്കിലും ഇത്തവണ സ്ഥലത്ത് പരസ്യമായി ബോർഡ് സ്ഥാപിച്ചതോടെയാണ് സംഭവം വിവാദമായത്.