കണ്ണൂര്‍- പാനൂരിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹമരണത്തില്‍ നിഗമനത്തിലെത്താനാകാതെ പോലീസ്.
അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെങ്കിലും ഇനിയുമൊരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ 45 പേരെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ 12 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തും. മന്‍സൂര്‍ കൊല്ലപ്പെട്ട ശേഷം എട്ടാം തിയതി ഉച്ചവരെ രതീഷ് കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് വളയം മേഖലയിലെത്തുകയായിരുന്നു.
രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട വളയത്ത് മന്‍സൂര്‍ വധക്കേസിലെ ഏതാനും പ്രതികള്‍ എത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
രതീഷിന്റെ ശരീരത്തില്‍ കാണപ്പെട്ട പതിനാറ് മുറിവുകള്‍ എങ്ങനെയുണ്ടായെന്ന് കൂടി ശാസ്ത്രീയമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കഴുത്ത്, കൈ, വയര്‍, തുട, പാദം തുടങ്ങിയ ഭാഗങ്ങളിലാണ് പരിക്കുകള്‍. വോട്ടെടുപ്പ് ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം.
മന്‍സൂറിന്റെ കൊലപാതകമുണ്ടായ ഏപ്രില്‍ ആറ് രാത്രി മുതല്‍ രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്‍പത് വരെയുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കേസിലെ നാലാംപ്രതി ശ്രീരാഗിനെ വടകര റൂറല്‍ എസ്പി നേരിട്ട് ചോദ്യം ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സംഘവുമായി രണ്ട് തവണ ചര്‍ച്ച നടത്തി. രതീഷിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയ സ്ഥലത്തെത്തി തെളിവെടുത്തു.