Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയിൽ സൗദിയുടെ റമദാൻ കിറ്റ് വിതരണം

കിംഗ് സൽമാൻ ഇഫ്താർ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയിലെ നിർധനർക്കിടയിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്യുന്നു.

റിയാദ് - കിംഗ് സൽമാൻ ഇഫ്താർ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയിലെ നിർധനർക്കിടയിൽ റമദാൻ കിറ്റ് വിതരണത്തിന് തുടക്കമായി. ന്യൂദൽഹി സൗദി എംബസി റിലീജ്യസ് അറ്റാഷെ ഓഫീസ് മുഖേന സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയമാണ് കിംഗ് സൽമാൻ ഇഫ്താർ പ്രോഗ്രാമിന്റെ ഭാഗമായി റമദാൻ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും 80,000 ലേറെ കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. 
കൊറോണ വ്യാപനം തടയുന്ന ആരോഗ്യ പ്രോട്ടോകോളുകൾ പാലിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് അൽസാത്തിയുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക് സെന്ററുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചാണ് റമദാൻ കിറ്റുകൾ വിതരണം ചെയ്യുന്നതെന്ന് ന്യൂദൽഹി സൗദി എംബസി റിലീജ്യസ് അറ്റാഷെ ശൈഖ് ബദ്ർ അൽഅനസി പറഞ്ഞു. 
ദിവസങ്ങൾക്കു മുമ്പ് സൽമാൻ രാജാവിന്റെ ഉപഹാരമെന്നോണം മുന്തിയ ഇനം ഈത്തപ്പഴം ഇന്ത്യയിലെ നിർധനർക്കിടയിൽ വിതരണം ചെയ്തിരുന്നു. സൗദി എംബസി റിലീജ്യസ് അറ്റാഷെ വഴിയാണ് കൊറോണ വ്യാപനം തടയുന്ന അംഗീകൃത ആരോഗ്യ പ്രോട്ടോകോളുകൾ പാലിച്ച് നാലു ടൺ ഈത്തപ്പഴം വിതരണം ചെയ്തത്. അർഹരായ നാലായിരത്തിലേറെ കുടുംബങ്ങൾക്ക് ഈത്തപ്പഴം വിതരണം ചെയ്തു. 120 വകുപ്പുകൾ ഈത്തപ്പഴ വിതരണത്തിൽ പങ്കാളികളായി. സൽമാൻ രാജാവിന്റെ ഉപഹാരമെന്നോണം സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഈ വർഷം ഇന്ത്യ അടക്കം 24 രാജ്യങ്ങളിലെ നിർധനർക്കിടയിൽ ഈത്തപ്പഴം വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമെ നിരവധി രാജ്യങ്ങളിൽ റമദാൻ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.

 

Latest News