ദോഹ- ബന്ധുവായ സ്ത്രീയുടെ ചതി കാരണം ലഹരി മരുന്ന് കേസില്‍ കുടുങ്ങി ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ കുടുംബം നാട്ടിലെത്തി. മുംബൈ സ്വദേശികളായ ഒനിബയും ഷാരികും ഒരു വയസ് പ്രായമുള്ള അയാതുമാണ് മുംബൈയിലെത്തിയത്.
ഇന്ത്യന്‍ കുടുംബത്തിന്റെ നിരപരാധിത്വം അംഗീകരിച്ച് വെറുതെ വിട്ട ഖത്തര്‍ അധികൃതരെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പ്രശംസിച്ചു. സത്യമേവ ജയതേ എന്നാണ് എംബസി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യന്‍ അധികൃതരുടേയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടേയും ഇടപെടലുകള്‍ കുടുംബത്തിന്റെ മോചനത്തില്‍ നിര്‍ണായകമായിരുന്നു.
മാര്‍ച്ച് 29 നാണ് ഇന്ത്യന്‍ ദമ്പതികളെ വെറുതെ വിട്ട് ഖത്തര്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി വിധിപകര്‍പ്പും രേഖകളും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്താത്തത് കാരണം ജയില്‍ മോചനം വൈകി.
ഖത്തറിലെ നിയമവിദഗ്ധനും മലയാളി സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടൈ സമയോചിതമായ ഇടപെടലുകളും മാര്‍ഗനിര്‍ദേശങ്ങളും കേസിലുടനീളം ഏറെ സഹായകമായതായും കുടുംബം ജയില്‍മോചിതനാകുമ്പോള്‍ കോച്ചേരിയോട് ഏറെ നന്ദിയുണ്ടെന്നും ഷാരിഖിന്റെ പിതാവ് മുഹമ്മദ് ഷരീഫ് ഖുറൈശി പറഞ്ഞു.
![]() |
പ്രവാസികളെ മരണത്തിന്‍റെ വ്യാപാരികളാക്കിയില്ലേ; കോവിഡ് പരിശോധന പ്രോട്ടോകോള്‍ ലംഘിച്ച മുഖ്യമന്ത്രിയോട് ഷിബു ബേബി ജോണ്‍ |
കോച്ചേരിയുെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യന്‍ കോടതി, നാര്‍കോടിക് കണ്‍ട്രോള്‍ ബോര്‍ഡ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയെ വിഷയത്തില്‍ ഇടപെടുത്തിയതും പ്രതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിന് സഹായകമായ എല്ലാ രേഖകളും കോടതില്‍ സമര്‍പ്പിക്കാനായതും.
പ്രതികള്‍ക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ അബ്ദുല്ല ഈസ അല്‍ അന്‍സാരിയാണ് ഹാജരായത്.
2019 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷാരിഖിന്റെ അമ്മായി തബസ്സും റിയാസ് ഖുറൈശി സമ്മാനിച്ച ടൂര്‍ പാക്കേജില്‍ മുബൈയില്‍നിന്ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദമ്പതികളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് അധികൃതര്‍ 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെടുക്കുകയായിരുന്നു.