Sorry, you need to enable JavaScript to visit this website.

സൗദിയിൽ ആരോഗ്യ മേഖലാ ജീവനക്കാരുടെ അവധി നീട്ടിവെച്ചു

റിയാദ്- കൊറോണ പോരാട്ട മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ മേഖലാ ജീവനക്കാരുടെ അവധികൾ നീട്ടിവെക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും വാക്‌സിൻ സെന്ററുകളിലും സൂപ്പർവൈസറി ഡിപ്പാർട്ട്‌മെന്റുകളിലും സേവനമനുഷ്ഠിക്കുന്നവരുടെ അവധി മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെയാണ് നീട്ടിവെച്ചിരിക്കുന്നത്. മാനവശേഷി കാര്യങ്ങൾക്കുള്ള ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ ആലു അൽഈബാൻ ആണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയത്. 


തൊഴിൽ താൽപര്യം പരിഗണിച്ചും ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളെ ബാധിക്കാത്ത നിലക്കും അനിവാര്യ സാഹചര്യങ്ങളിൽ ജീവനക്കാർക്ക് പരമാവധി അഞ്ചു ദിവസം വരെ അവധി അനുവദിക്കാൻ പ്രവിശ്യാ ആരോഗ്യ വകുപ്പ് മേധാവികൾക്കും ഹെൽത്ത് ക്ലസ്റ്റർ സി.ഇ.ഒമാർക്കും അധികാരം നൽകിയിട്ടുണ്ട്. മറ്റു ജീവനക്കാർക്ക് പെരുന്നാൾ അവധി അനുവദിക്കും. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സൗദികളായ ഓഫീസ് ജീവനക്കാർക്ക് ഉമ്മുൽഖുറാ കലണ്ടർ പ്രകാരം റമദാൻ 24 ന് വ്യാഴാഴ്ച ഡ്യൂട്ടി അവസാനിച്ച ശേഷം പെരുന്നാൾ അവധി ആരംഭിക്കും. പെരുന്നാൾ അവധി കഴിഞ്ഞ് ശവ്വാൽ ആറിന് ചൊവ്വാഴ്ച ഇവർക്ക് ഡ്യൂട്ടി പുനരാരംഭിക്കും. വിദേശികളായ ജീവനക്കാർക്ക് റമദാൻ 29 ന് ചൊവ്വാഴ്ച ഡ്യൂട്ടി അവസാനിച്ച ശേഷം പെരുന്നാൾ അവധി ആരംഭിക്കുകയും ശവ്വാൽ നാലിന് ഞായറാഴ്ച അവധിക്കു ശേഷം ഡ്യൂട്ടി പുനരാരംഭിക്കുകയും ചെയ്യും. 


പെരുന്നാൾ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിന് നിശ്ചിത അനുപാതം ജീവനക്കാരെ നിയോഗിക്കണം. പെരുന്നാൾ അവധി ദിവസങ്ങളിൽ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തുന്നതിൽ മെഡിക്കൽ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് മുൻഗണന നൽകേണ്ടത്. ഇവർക്ക് നിയമം അനുശാസിക്കുന്നതു പ്രകാരമുള്ള നഷ്ടപരിഹാരം നൽകുമെന്നും സർക്കുലർ പറഞ്ഞു. 


 

Latest News