കൊച്ചി- വിഷുക്കൈനീട്ടമായി കിട്ടിയ 20 സെന്റ് ഭൂമി, അതില്‍ 12 കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള സ്വപ്നക്കൂട് - തോപ്പുംപടി ഔവര്‍ ലേഡീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ ഇത്തവണത്തെ വിഷു ആഘോഷത്തിന് പ്രത്യേകതകളേറെയാണ്. കോട്ടയം ദേവലോകം കൊട്ടാത്തറ ജോസ് തോമസും ഭാര്യ ഡോ. എല്‍സി തോമസുമാണ് എടക്കാട്ടുവയല്‍ കൈപ്പട്ടൂരിലെ സ്ഥലം പകുത്തുനല്‍കിയത്.
സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ എട്ടുവര്‍ഷം മുമ്പ് തുടങ്ങിയ 'ഹൗസ് ചലഞ്ച്' പദ്ധതിയെക്കുറിച്ച് അറിഞ്ഞാണ് ജോസ് ഭൂമി നല്‍കിയത്. തൃക്കാക്കരയില്‍ നടന്ന ചടങ്ങില്‍ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ ഭൂമി കൈമാറ്റം ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ രണ്ടുപേര്‍ക്കും കോട്ടയം സ്വദേശികളായ പത്തുപേര്‍ക്കുമായി നിര്‍മ്മിക്കുന്ന വീടുകള്‍ നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
കോട്ടയത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ജോസ് തോമസ്. വിരമിച്ചശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ് ഡോ. എല്‍സി. അമേരിക്കയിലുള്ള മക്കളുടെ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണിവര്‍.
കെട്ടുറപ്പുള്ള വീടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സുമനസുകളുടെ കനിവോടെ വീടു നിര്‍മ്മിക്കുന്നതിനായാണ് 'ഹൗസ് ചലഞ്ച്' ആരംഭിച്ചത്. 150 വീടുകള്‍ നിര്‍മ്മിച്ചു. ആറെണ്ണം നിര്‍മ്മാണത്തിലാണ്. ചെല്ലാനം സ്വദേശിയായ വിദ്യാര്‍ഥിനിക്കാണ് ആദ്യത്തെ വീട് കൈമാറിയത്. അന്ന് ആ കുടുംബത്തിന്റെയും സമീപവാസികളുടെയും മുഖത്തുകണ്ട സന്തോഷാശ്രുവാണ് സിസ്റ്റര്‍ ലിസിക്ക് തുടര്‍പ്രേരണയായത്. അര്‍ഹര്‍ക്ക് വീട് നല്‍കാനും സഹായം സ്വീകരിക്കാനും ജാതിയും മതവുമൊന്നും പരിഗണിച്ചിട്ടില്ല. സാന്തോം കോളനിയിലെ വീടുകള്‍ പുനര്‍നിര്‍മ്മിച്ചതും വൈപ്പിനില്‍ ദാനംകിട്ടിയ 72 സെന്റില്‍ വീടുകള്‍ നിര്‍മ്മിച്ചതും നാഴികക്കല്ലായി.