മസ്കത്ത്- ഒമാനില്‍ 14 മുതല്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ. റമദാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വാഹന യാത്രക്കും വിലക്കുണ്ട്.
രാത്രി യാത്രാവിലക്കില്‍നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും. രാത്രി സമയം വിതരണ സേവനങ്ങള്‍ക്കും വിലക്കുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്. പള്ളികളില്‍ കൂട്ടമായുള്ള തറാവീഹ് പാടില്ല. പൊതുസ്ഥലങ്ങളിലും ടെന്റുകളിലും പള്ളികളിലുമുള്ള ഇഫ്താറുകള്‍ നിരോധിച്ചു. സ്വകാര്യ ഇടങ്ങളിലും ഇഫ്താറിനായി ഒത്തുചേരാന്‍ പാടില്ല. സാമൂഹിക, കായിക, സാംസ്കാരിക പരിപാടികളും സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും വിലക്കിയിട്ടുണ്ട്.