റിയാദ് - ഡ്രൈവിംഗിനിടെ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിർദേശം പാലിക്കുന്നതിൽ ഏറ്റവും പിറകിൽ സൗദികളാണെന്ന് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. പതിനേഴു രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിലാണ് സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് ഏറ്റവും മടി കാണിക്കുന്നത് സൗദികളാണെന്ന് വ്യക്തമായത്.
സൗദിയിൽ 84.5 ശതമാനം പേർ സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണ്. 15.5 ശതമാനം പേർ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിക്കുന്നത്. ഒന്നാം സ്ഥാനത്ത് യു.എ.ഇ ആണ്. ഇവിടെ 99.2 ശതമാനം പേരും സീറ്റ് ബെൽറ്റ് ധരിക്കുന്നു. രണ്ടാം സ്ഥാനത്ത് ചെക്ക് റിപ്പബ്ലിക്കും മൂന്നാം സ്ഥാനത്ത് കാനഡയുമാണ്. സൗദിയിൽ ഓരോ മിനിറ്റിലും ഒരു അപകടം വീതമുണ്ടാകുന്നുണ്ട്. വാഹനാപകടങ്ങളിൽ മണിക്കൂറിൽ നാലു പേർക്ക് പരിക്കേൽക്കുകയും പ്രതിദിനം 20 പേർ മരണപ്പെടുകയും ചെയ്യുന്നു.