മൽബി ഏറ്റാൽ അതു ഏറ്റതുപോലെയാണെന്നു പറഞ്ഞല്ലോ. അക്കാര്യത്തിൽ മൽബി ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. അവധിക്ക് നാട്ടിലെത്തുമ്പോൾ മൽബുവിന് ചെയ്യാനായി ഒരു ജോലിയും ബാക്കി വെച്ചിരുന്നില്ല. എല്ലാം ഓൺലൈനാകുന്നതിനു മുമ്പ് തന്നെ മൽബി ലൈനിലായിരുന്നു. ഏതു കാര്യത്തിനും സ്‌കൂട്ടിയുമെടുത്തുള്ള യാത്ര. കാര്യങ്ങളെല്ലാം പെർഫെക്ട്.
ഇപ്പോൾ സംഭവിച്ചതും അങ്ങനെ തന്നെ. മിസിസ് ഹമീദിന്റെ വീട്ടിൽ പോയി അവരോട് തഞ്ചത്തിൽ കാര്യങ്ങളൊക്കെ മനസ്സിലാക്കി.
ഒരുമിച്ചുള്ള താമസം ഉപേക്ഷിച്ച് ഹമീദ് രാത്രി പോയിരുന്നത് സ്വന്തം അളിയന്റെ ഫഌറ്റിലേക്കാണെന്ന രഹസ്യം മൽബു കണ്ടുപിടിച്ചിരുന്നു. എവിടേക്കാണ് പോകുന്നതെന്നോ, എന്തിനാണ് പോകുന്നതെന്നോ ഹമീദ് ഫഌറ്റിലെ ആരോടും പറയാത്തത് അഭ്യൂഹങ്ങൾക്ക് കാരണമായി. ഫഌറ്റിലെ അന്തേവാസികൾ ഇല്ലാക്കഥകൾ മെനഞ്ഞുവെന്ന ആരോപണവുമുണ്ട്.
ഒരുമിച്ചു താമസിക്കുന്നവരും ഒരു കൂട്ടായ്മയിൽ പ്രവർത്തിക്കുന്നവരുമൊക്കെ നാട്ടിൽ കുടുംബങ്ങളുമായും പരസ്പരം സന്ദർശിക്കുകയും സ്‌നേഹാന്വേഷണങ്ങൾ നടത്തണമെന്നുമൊക്കെയുള്ള പക്ഷക്കാരനാണ് മൽബു.
നാട്ടിലെത്തിയാൽ വീടുകളിലേക്ക് പോകാൻ സമയം കിട്ടിയില്ലെങ്കിൽ ഫോണിലെങ്കിലും സുഹൃത്തുക്കളുടെ മാതാപിതാക്കളുമായും കുടുംബിനിയുമായൊക്കെ ബന്ധപ്പെടും. ആ ശീലമാണ് മൽബിയേയും പഠിപ്പിച്ചത്.
മൊയ്തുവിന്റേയും ഹമീദിന്റേയുമൊക്കെ ഉമ്മമാരോട് സംസാരിച്ച ശേഷം അവരുടെ സ്‌നേഹം നിറഞ്ഞ വാക്കുകളും പ്രാർഥനയുമൊക്കെ മൽബി പങ്കുവെക്കാറുണ്ട്.
മിസിസ് ഹമീദിനെ കാണാൻ പോയിട്ടെന്തുണ്ട്?
സുഖമായിരിക്കുന്നു.
സമ്മാനം ഇഷ്ടമായോ?
സമ്മാനത്തിലൊന്നുമല്ലല്ലോ കാര്യം. സ്‌നേഹത്തിലല്ലേ. പൊതി
പൊട്ടിച്ചശേഷം, അപ്പോൾ തന്നെ മിസിസ് ഹമീദ് ചോദിച്ചു. ഓൺലൈനിൽ വാങ്ങിയതാ അല്ലേ?
അപ്പോൾ എല്ലാവർക്കും അറിയാം അല്ലേ?
പിന്നെ, നമ്മുടെ കൈയിൽ മാത്രമല്ലല്ലോ സ്മാർട്ട് ഫോണും ഇന്റർനെറ്റുമുള്ളത്?
ഒന്നിനൊന്ന് ഫ്രീ വന്നപ്പോൾ വാങ്ങിയതല്ല, വെവ്വേറെ വാങ്ങിയതാണെന്നു പറഞ്ഞില്ലേ?
നേർക്കുനേരെ പറഞ്ഞില്ല. ചില സൂചനകളൊക്കെ നൽകി.
എന്തു സൂചനകൾ?
അതൊക്കെ വിശദീകരിച്ചിട്ടെന്താ?
എന്നാലും...
രണ്ട് ദിവസം ഓഫറുണ്ടാകും. മൂന്നാമത്തെ ദിവസം മാറ്റും എന്നൊക്കെ പറഞ്ഞു. മൽബു ക്രെഡിറ്റ് കാർഡ് വഴി പേ ചെയ്യാൻ രണ്ടു ദിവസം ലേറ്റാക്കി. അതുകൊണ്ട് ഓഫർ കിട്ടീലാ എന്നും പറഞ്ഞു.
വെരിഗുഡ്. അതൊക്കെ മാനേജ് ചെയ്യുന്നതിൽ നിന്നെ കഴിച്ചേ വേറൊരാളുള്ളൂ.
സോപ്പടിക്കുന്ന കാര്യത്തിൽ നിങ്ങളും.
ആട്ടെ, പോയ കാര്യം എന്തായി?
അതു വലിയൊരു രഹസ്യമൊന്നുമല്ല. ഹമീദ് റൂമിൽ നിങ്ങളോടൊന്നും പറയാതെ അക്കാര്യം മറച്ചുവെക്കാൻ കാരണമുണ്ട്.
എന്തു കാരണം?
ഹമീദ് ഉറങ്ങാൻ കിടന്നാൽ പാമ്പിനെ സ്വപ്‌നം കാണാറുള്ള കാര്യം നിങ്ങളിലാരോ ഫേസ് ബുക്കിലിട്ടില്ലേ? അതുകൊണ്ടാണ് രാത്രി യാത്രയുടെ കാര്യം നിങ്ങളോടൊന്നും പറയാതിരുന്നത്.
ഏയ്, അങ്ങനെയൊരു സംഭവം ഓർക്കുന്നില്ലല്ലോ.
അതൊന്നും ഓർമയുണ്ടാവില്ല. ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ തള്ളിവിടും. ആരെ എങ്ങനെ ബാധിക്കും എന്നൊന്നും ആലോചിക്കാറില്ലല്ലോ?
കാര്യം പറ, പ്രസംഗം പിന്നീടാക്കാം.
ആരോടും പറയരുത്. അവർക്ക് നല്ല പേടിയുണ്ട്. മിസിസ് ഹമീദിന്റെ ആങ്ങളയുമായി ബന്ധപ്പെട്ട കാര്യമാണ്.
സംഗതി പറ. പറയാൻ പറ്റാത്തതാണെങ്കിൽ ഹമീദിനോട് പോലും പറയില്ല.
അതേയ്, മിസിസ് ഹമീദിന്റെ അനിയന് ഒരിക്കലും തനിച്ച് താമസിക്കാൻ പറ്റില്ല. അതുകൊണ്ടാണ് അവൻ ഫാമിലിയെ നാട്ടിൽ അയച്ചതിനു പിന്നാലെ ഹമീദിനെ കൂട്ടുകിടക്കാൻ വിളിച്ചത്.
മുമ്പ് അവൻ താമസിച്ചിരുന്ന ഫഌറ്റിൽ തനിച്ച് താമസിച്ചിരുന്ന ഒരാൾ മരിച്ചതിനുശേഷം തുടങ്ങിയതാണ് ഈ സ്വഭാവം. നിങ്ങൾക്ക് ഓർമയില്ലേ ആ സംഭവം. കിടക്കയിൽനിന്ന് ദൂരെ ആയതിനാൽ അയാൾക്ക് ഫോൺ പോലും വിളിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഓഫീസിൽനിന്ന് ആളുകളെത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മരണത്തിനുശേഷം ഹമീദിന്റെ അളിയന് ഒരിക്കലും തനിച്ചു കിടന്നാൽ ഉറക്കം വരില്ല. അതുകൊണ്ടാണ് ഹമീദ് അവിടെ പോയി കൂട്ടുകിടക്കുന്നത്.
എവിടെയാണ് പോകുന്നതെന്ന കാര്യം ഫഌറ്റിൽ ആരോടും പറഞ്ഞിട്ടില്ലെന്ന കാര്യം ഹമീദ് മിസിസിനോട് പറഞ്ഞിരുന്നു. അതിന്റെ പേരിൽ അവിടെ ചിലരൊക്കെ പറയുന്ന കാര്യങ്ങളും അവൾക്കറിയാം.
ഇതൊരു നിസ്സാര കാര്യമല്ലേ..ഇതാണോ അവൻ മറച്ചുവെച്ചത്. അവിശ്വസനീയം തന്നെ.
അളിയന്റെ ഫാമിലി നാട്ടിൽ പോയി. അതുകൊണ്ട് അവന്റെ ഫഌറ്റിലേക്ക് പോകുന്നുവെന്ന് പറഞ്ഞാൽ തീരുന്ന പ്രശ്‌നമായിരുന്നു.
മൽബിയോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് ഹമീദിന്റെ വരവ്.
വന്ന ഉടൻ ഹമീദിന്റെ ചോദ്യം.
മൽബി വീട്ടിൽ പോയിരുന്നു അല്ലേ.. വീട്ടിൽ അവൾക്കും മക്കൾക്കുമൊക്കെ വലിയ സന്തോഷമായി. ഹമീദിന്റെ വീർത്ത മുഖം എങ്ങോ പോയ് മറഞ്ഞിരുന്നു. പച്ച സാരി കിട്ടീന്നും പറഞ്ഞു.
പഴയ ഹമദീനെ തിരിച്ചു കിട്ടിയ സന്തോഷത്തിലായി മൽബു. കോവിഡാണല്ലോ, ഹസ്തദാനവും ആശ്ലേഷവും തൽക്കാലം ഒഴിവാക്കിയെന്നു മാത്രം.
അത്രേയുള്ളൂ പ്രവാസികളുടെ കാര്യം. അവരുടെ ജീവിതം പോലെ തന്നെ എല്ലാം വേഗത്തിൽ ഉരുകിപ്പോകും.