തലശ്ശേരി- പാനൂരില്‍ വോട്ടെടുപ്പ് ദിവസമുണ്ടായ സംഘർഷത്തില്‍ കൊല്ലപ്പെട്ട മന്‍സൂറിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാതെ മുസ്ലിം ലീഗും യു.ഡി.എഫും ഗൂഢാലോചന നടത്തിയെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സംഘർഷത്തിനിടെ പരിക്കേറ്റ മൻസൂറിന് വൈദ്യസഹായം കിട്ടാൻ വൈകിയതും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുമുമ്പ് തന്നെ മുസ്ലിം ലീഗ് പ്രതികളെ പ്രഖ്യാപിച്ചതും ഗൂഢാലോചന തെളിയിക്കുന്നതാണ്.
സ്വന്തം കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ചോരവാർന്നു കിടന്നപ്പോള്ആശുപത്രിയിൽ എത്തിക്കാതെ രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് ശ്രമം നടന്നത്. ലീഗ് നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചാണ് മൻസൂറിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു.
ദൗർഭാഗ്യകരമായ സംഭവത്തിനുശേഷം നിരപരാധികളായ ചെറുപ്പക്കാർക്കെതിരെ ലീഗിന്റെ നേതൃത്വത്തിൽ നവമാധ്യമങ്ങളിലും വ്യാപകമായ കുപ്രചാരണങ്ങളാണ് നടക്കുന്നത്. കേസിൽ ഉൾപ്പെട്ട മാനസിക വിഷമം താങ്ങാനാവാത്തതിനാലാണ് രതീഷ് എന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആത്മഹത്യ ചെയ്തത്.
ഈ വാർത്ത പുറത്തറിഞ്ഞ ഉടൻ അത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കെ. സുധാകരൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ ആരോപിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും നേതാക്കൾ ചോദിച്ചു.
രണ്ട് സംഭവങ്ങളെ സംബന്ധിച്ചും പോലീസ് കൃത്യമായി അന്വേഷിച്ച് യഥാർഥ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണം. അസത്യവും അബദ്ധജടിലവുമായ പ്രസ്താവനകളിൽ നിന്നും നിരുത്തരവാദപരമായ പ്രതികരണങ്ങളിൽനിന്നും ലീഗ് നേതൃത്വം പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നേതാക്കളായ പി. ഹരീന്ദ്രൻ, രവീന്ദ്രൻ കുന്നോത്ത്, കെ.ഇ. കുഞ്ഞബ്ദുല്ല, കെ. മുകുന്ദൻ, കെ.കെ. ബാലൻ, എൻ. ധനഞ്ജയൻ, ടി. നിസാർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.